വനിതാ ഏകദിന ലോകകപ്പില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന മത്സരമെന്ന റെക്കോര്‍ഡും ഇന്നലത്തെ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനാണ്.

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ അജയ്യരെന്ന് കരുതിയ ഓസ്ട്രേലിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ തകര്‍ന്നുവീണത് ഒരുപിടി റെക്കോര്‍ഡുകള്‍. വനിതാ-പുരുഷ ഏകദിന ലോകകപ്പിലെ നോക്കൗട്ട് മത്സരത്തില്‍ ഒരു ടീം ആദ്യമായാണ് 300ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുന്നത്. ഇതിന് പുറമെ വനിതാ ഏകദിന ലോകകപ്പില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി.

ഈ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ 331 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു വനിതാ ഏകദിന ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ്. ഇന്നലെ ഓസ്ട്രേലിയ ഉയര്‍ത്തിയ 338 റണ്‍സ് മറികടന്ന ഇന്ത്യ ഈ റെക്കോര്‍ഡ് തിരുത്തിയെഴുതി.വനിതാ ഏകദിന ലോകകപ്പില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന മത്സരമെന്ന റെക്കോര്‍ഡും ഇന്നലത്തെ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനാണ്. 679 റണ്‍സാണ് രണ്ട് ടീമും ചേര്‍ന്ന് ഇന്നലെ അടിച്ചുകൂട്ടിയത്. വനിതാ ഏകദിനങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറുമാണിത്.

ജെമീമ-ഹര്‍മന്‍ കൂട്ടുകെട്ട്

മൂന്നാം വിക്കറ്റില്‍ 167 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ജെമീമ റോഡ്രിഗസും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് വനിതാ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ ഏറ്റവും മികച്ച കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡും സ്വന്തമാക്കി. വനിതാ ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ റണ്‍ പിന്തുടരുമ്പോള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് ജെമീമ റോഡ്രിഗസ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്‍റെ നാറ്റ് സ്കൈവര്‍ ബ്രണ്ട് ആണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. വനിതാ ഏകദിന ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായാണ് ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ ഇല്ലാത്ത ഒരു ഫൈനല്‍ നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക