ആകാശം മേഘാവൃതമായിരിക്കുമെന്നും മത്സരത്തിന് മുമ്പ് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നുമാണ് പ്രവചനം. ഇതോടെ മത്സരം നിശ്ചിത സമയത്ത് തുടങ്ങാനാകുമോ എന്ന കാര്യവും സംശയത്തിലാണ്.

മെല്‍ബൺ: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് മെല്‍ബണില്‍ നടക്കും. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ രണ്ടാം മത്സരത്തിലും മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ആദ്യ ടി20യിലേതുപോലെ മഴ വീണ്ടും വില്ലനാവാനുളള സാധ്യതകള്‍ മെല്‍ബണിലും ഉണ്ടെന്നാണ് കാലവസ്ഥാ പ്രവചനം.

ആകാശം മേഘാവൃതമായിരിക്കുമെന്നും മത്സരത്തിന് മുമ്പ് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നുമാണ് പ്രവചനം. ഇതോടെ മത്സരം നിശ്ചിത സമയത്ത് തുടങ്ങാനാകുമോ എന്ന കാര്യവും സംശയത്തിലാണ്. എന്നാല്‍ മത്സരം നടക്കുന്ന സമയത്ത് കാര്യമായ മഴ ഉണ്ടാവില്ലെന്നാണ് കാലവസ്ഥാ പ്രവചനം. മത്സരത്തിന് തൊട്ടു മുമ്പ് പ്രാദേശിക സമയം ആറ് മണിയോടെ മഴ പെയ്യാനുള്ള സാധ്യത 66 ശതമാനമാണെന്നാണ് അക്യുവെതറിന്‍റെ പ്രവചനം. ഏഴ് മണിക്ക് മഴ പെയ്യാനുള്ള സാധ്യത 49 ശതമാനാണ്. എന്നാല്‍ രാത്രി എട്ടു മുതല്‍ 11 വരെ മഴ പെയ്യാനുള്ള സാധ്യത 13 ശതമാനം മാത്രമാണെന്നത് ആശ്വാസകരമാണ്. പ്രാദേശിക സമയം രാത്രി 7.15നാണ് മത്സരം തുടങ്ങേണ്ടത്. മത്സരത്തിന് മുമ്പ് മഴ പെയ്താല്‍ കളി വൈകാനോ ഓവറുകള്‍ വെട്ടിക്കുറക്കാനോ ഉള്ള സാധ്യതകളും മുന്നിലുണ്ട്.

കാന്‍ബറെയിലേതുപോലെ തണുത്ത കാലാവസ്ഥയായിരിക്കും മെല്‍ബണിലും. പരമാവധി അന്തരീക്ഷ താപനില 13 ഡിഗ്രിക്കും 21 ഡിഗ്രിക്കും ഇടയിലായിരിക്കും. ആറ് കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കാന്‍ബറയില്‍ നടന്ന ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 9.4 ഓവില്‍ 97 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു മഴമൂലം കളി നിര്‍ത്തിവെക്കേണ്ടിവന്നത്. പിന്നീട് മത്സരം ഉപേക്ഷിച്ചു. ഇനി നാലു മത്സരങ്ങള്‍ മാത്രമുള്ള പരമ്പരയില്‍ ആദ്യ ജയവുമായി ലീഡ് നേടാനായിരിക്കും ഇരു ടീമുകളും ശ്രമിക്കക. 90000 പേര്‍ക്കിരിക്കാവുന്ന മെല്‍ബണ്‍ സറ്റേിയത്തില്‍ മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു.