ഇതിന്‍റെ ഭാഗമായി ഗ്രൗണ്ടിലെ പുല്‍ത്തകിടിയുടെ ഒരു കഷ്ണം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അംഗങ്ങളോട് ബന്ധപ്പെടാന്‍ ക്ലബ്ബ് അറിയിച്ചിട്ടുണ്ട്.

ലണ്ടൻ: ക്രിക്കറ്റ് ചരിത്രത്തിലെ ഒട്ടേറെ വിഖ്യാത പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ക്രിക്കറ്റിന്‍റെ മെക്കയെന്ന് അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് കഷ്ണങ്ങളായി മുറിച്ചുവില്‍ക്കാനൊരുങ്ങി സ്റ്റേഡിയം പരിപാലിക്കുന്ന മാര്‍ലിബോള്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി). ഗ്രൗണ്ടിന്‍റെ നവീകരണത്തിനും പരിപാലത്തിനുമായി ധനസമാഹരണം ലക്ഷ്യമിട്ടാണ് എംസിസി ക്ലബ്ബിന്‍റെ 25000ത്തോളം വരുന്ന അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഗ്രൗണ്ടിലെ പുല്‍ത്തകിടിയുടെ കഷ്ണങ്ങള്‍ മുറിച്ച് വില്‍ക്കാനൊരുങ്ങുന്നത്.

ഇതിന്‍റെ ഭാഗമായി ഗ്രൗണ്ടിലെ പുല്‍ത്തകിടിയുടെ ഒരു കഷ്ണം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അംഗങ്ങളോട് ബന്ധപ്പെടാന്‍ ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. 1.2*0.6 മീറ്റര്‍ കഷ്ണത്തിനായി 50 പൗണ്ട്(ഏകദേശം 5000) ആണ് മുടക്കേണ്ടത്. പൊതുജനങ്ങള്‍ക്കും പുല്‍ത്തകിടിയുടെ കഷ്ണത്തിനായി എംസിസിയെ സമീപിക്കാം. ഇതില്‍ നിന്ന് ലഭിക്കുന്ന തുകയുടെ 10 ശതമാനം എംസിസി ഫൗണ്ടേഷന് കൈമാറും. ബാക്കി തുക ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ നവീകരണത്തിന് ഉപയോഗിക്കും.

ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഈ വര്‍ഷം സെപ്റ്റംബര്‍ മുതലാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. ഇതിന്‍റെ ഭാഗമായി ഗ്രൗണ്ടിലെ പുല്‍ത്തകിടി പൂര്‍ണമായും മാറ്റി സ്ഥാപിക്കും. ഗ്രൗണ്ടിലെ ഔട്ട് ഫീല്‍ഡിന്‍റെ നിലവാരത്തെക്കുറിച്ച് സമീപകാലത്ത് പരാതി ഉയര്‍ന്നിരുന്നു. കളിക്കാര്‍ക്ക് പലപ്പോഴും പരിക്കേൽക്കാന്‍ ഔട്ട് ഫീല്‍ഡിന്‍റെ നിലവാരമില്ലായ്മ കാരണമാകുന്നുവെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഗ്രൗണ്ടിന്‍റെ മധ്യഭാഗത്തുള്ള പിച്ചുകള്‍ക്ക് കേടുപാട് സംഭവിക്കാത്ത രീതിയിലായിരിക്കും നവീകരണം പ്രവര്‍ത്തനങ്ങള്‍ നടത്തുക.

2002ലാണ് ലോര്‍ഡ്സില്‍ അവസാനമായി നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ലോര്‍ഡ്സിലെ സ്ഥിരം പിച്ചിന് പകരം ഡ്രോപ്പ് ഇന്‍ പിച്ചുകള്‍ വെക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകളും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂ്നാം ടെസ്റ്റിന് വേദിയായത് ലോര്‍ഡ്സായിരുന്നു. ആവേശം അവസാന മണിക്കൂറിലേക്ക് നീണ്ട പോരാട്ടത്തില്‍ 22 റണ്‍സിനാണ് ഇംഗ്ലണ്ട് മത്സരം ജയിച്ചത്. രവീന്ദ്ര ജഡേജ ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് സിറാജിനെയും കൂട്ടുപിടിച്ച് നടത്തിയ പോരാട്ടമായിരുന്നു ഇന്ത്യയെ തോല്‍വി ഉറപ്പിച്ചിടത്തു നിന്ന് വിജയത്തിന് അടുത്തുവരെ എത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക