Asianet News MalayalamAsianet News Malayalam

'ഇന്ത്യയുടെ അടുത്ത പ്രതിരോധ മന്ത്രിയാക്കാന്‍ പറ്റിയ ആളാ'; ക്യാപ്റ്റൻ കെ എല്‍ രാഹുലിനെ നൈസായി ട്രോളി ലഖ്നൗ

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരശേഷം ലഖ്നൗ തന്നെയാണ് അവരുടെ സമൂഹമാധ്യമങ്ങളില്‍ ക്യാപ്റ്റന്‍റെ മെല്ലെപ്പോക്കിനെ കളിയാക്കിക്കൊണ്ടുള്ള വീഡിയോ പുറത്തുവിട്ടത്.

LSG trolls captain KL Rahul by saying 'next Defence minister' after Gujarat Titans match in IPL 2024
Author
First Published Apr 8, 2024, 5:18 PM IST

ലഖ്നൗ: ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടത്തില്‍ ലഖ്നൗ ഇന്നിംഗ്സ് പൂര്‍ത്തിയായപ്പോള്‍ ഏറ്റവുമധികം ട്രോള്‍ വന്നത്  നായകന്‍ കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗിനെക്കുറിച്ചായിരുന്നു. ഓപ്പണറായി ഇറങ്ങി 31 പന്തില്‍ 33 റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ടി20 ക്രിക്കറ്റില്‍ ടെസ്റ്റ് കളിക്കുന്ന രാഹുലിനെ പൊരിച്ച് ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ ട്രോളുകള്‍ക്ക് അധികം ആയുസുണ്ടായില്ലെന്നതാണ് വസ്തുത. ലഖ്നൗ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്തിനായി നായകന്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് പവര്‍ പ്ലേയില്‍ തന്നെ 54 റണ്‍സടിച്ച് തകര്‍പ്പൻ തുടക്കമിട്ടെങ്കിലും പവര്‍ പ്ലേയിലെ അവസാന പന്തില്‍ ഗില്ലിനെ വീഴ്ത്തി യാഷ് താക്കൂര്‍ ഗുജറാത്തിന്‍റെ തകര്‍ച്ച തുടങ്ങിവെച്ചു. ഗില്‍ നേടിയതാകട്ടെ 21 പന്തില്‍ 19 റണ്‍സും. രാഹുലിനെക്കാള്‍ കുറഞ്ഞ സ്ട്രൈക്ക് റേറ്റിലായിരുന്നു ബാറ്റിംഗ് അനായാസമല്ലാത്ത പിച്ചില്‍ ഗില്ലിന്‍റെ ബാറ്റിംഗ്.

'ക്യാപ്റ്റനും കോച്ചുമെല്ലാം അതാണ് ആവശ്യപ്പെടുന്നത്', മുംബൈ ഡ്രസ്സിംഗ് റൂമില്‍ സഹതാരങ്ങളോട് രോഹിത് ശര്‍മ

ഗില്‍ വീണതോടെ ഗുജറാത്ത് തകര്‍ന്നടിയുകയും ചെയ്തു. മത്സരശേഷം ലഖ്നൗ തന്നെ അവരുടെ സമൂഹമാധ്യമങ്ങളില്‍ ക്യാപ്റ്റന്‍റെ മെല്ലെപ്പോക്കിനെ കളിയാക്കിക്കൊണ്ടുള്ള വീഡിയോ പുറത്തുവിട്ടു. അഭിനന്ദിക്കാനെത്തുന്ന ഒരു ആരാധകന്‍ താങ്കളെ ഇന്ത്യയുടെ അടുത്ത പ്രതിരോധ മന്ത്രിയാക്കാവുന്നതാണെന്നാണ് രാഹുലിനോട് പറയുന്നത്. എന്നാല്‍ ഇതിന് രാഹുല്‍ ചോദിക്കുന്നത് നിങ്ങളും തുടങ്ങിയോ എന്‍റെ സ്ട്രൈക്ക് റേറ്റിനെ കളിയാക്കാന്‍ എന്നാണ്.

എന്നാല്‍ സ്ട്രൈക്ക് റേറ്റിനെ കളിയാക്കിയതില്ലെന്നും ലഖ്നൗവില്‍ 160 റണ്‍സിന് മുകളില്‍ നേടിയപ്പോഴൊക്കെ അത് പ്രതിരോധിക്കാന്‍ നായകനെന്ന നിലയില്‍ രാഹുല്‍ പുറത്തെടുത്ത മികവ് കണ്ടാണ് പ്രതിരോധ മന്ത്രിയാക്കുന്നതെന്നും 160ന് മുകളില്‍ പ്രതിരോധിച്ചപ്പോൾ ഒരിക്കല്‍ പോലും തോറ്റിട്ടില്ലാത്ത ലഖ്നൗവിന് 13-0ന്‍റെ റെക്കോര്‍ഡാണുള്ളതെന്നും ആരാധകന്‍ രാഹുലിനെ ഓര്‍മിപ്പിച്ചു. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 18.5 ഓവറില്‍ 130ന് ഓള്‍ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റെടുത്ത പേസര്‍ യാഷ് താക്കൂറും മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യയുമാണ് ഗുജറാത്തിനെ എറിഞ്ഞിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios