മുഹമ്മദ് ഷമി ലോകകപ്പില്‍ കളിക്കില്ലെന്ന് ഉറപ്പായിരിക്കെ മൂന്നാം സീമര്‍ക്കുവേണ്ടിയുള്ള അന്വേഷണം സെലക്ടര്‍മാര്‍ തുടങ്ങിക്കഴിഞ്ഞു. പേസും കൃത്യതയും കണക്കിലെടുക്കുമ്പോള്‍ അതിന് പറ്റിയ ആളാണ് മായങ്ക് എന്നും പ്രസാദ് പറഞ്ഞു.

ഹൈദരാബാദ്: ഐപിഎല്ലിന് പിന്നാലെ ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിലും മുഹമ്മദ് ഷമി പരിക്കുമൂലം കളിക്കാത്ത സാഹചര്യത്തില്‍ പകരക്കാരനെ നിര്‍ദേശിച്ച് മുന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ പേസ് സെന്‍സേഷനായ മായങ്ക് യാദവ് ലോകകപ്പില്‍ ഷമിക്ക് പകരം ഇന്ത്യക്കായി കളിക്കണമെന്ന് പ്രസാദ് റേവ് സ്പോര്‍ട്സിനോട് പറഞ്ഞു.

ലോകകപ്പില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മായങ്ക് യാദവ് എന്നിവരിലൂടെ ഇന്ത്യക്ക് മികച്ച പേസ് നിരയെ അണിനിരത്താനാവുമെന്നും പ്രസാദ് പറഞ്ഞു. മറ്റേതെങ്കിലും ഫോര്‍മാറ്റായിരുന്നെങ്കില്‍ ഞാന്‍ മായങ്കിന്‍റെ പേര് പറയില്ലായിരുന്നു. കുറച്ചു മത്സരങ്ങള്‍ കൂടി കാത്തിരുന്നശേഷമെ മായങ്കിനെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലുമുള്ളു. എന്നാല്‍ ഐപിഎല്‍ പോലെ വലിയൊരു പ്ലാറ്റ് ഫോമില്‍ തിളങ്ങിയ താരത്തിന് ടി20 ക്രിക്കറ്റില്‍ എവിടെയും മികവ് കാട്ടാനാകുമെന്നതിനാലാണ് ലോകകപ്പില്‍ മായങ്കിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും കാരണം, ഐപിഎല്‍ മത്സരങ്ങള്‍ അത്രമാത്രം സമ്മര്‍ദ്ദം നിറഞ്ഞതാണെന്നും പ്രസാദ് പറഞ്ഞു.

'ഇന്ത്യയുടെ അടുത്ത പ്രതിരോധ മന്ത്രിയാക്കാന്‍ പറ്റിയ ആളാ'; ക്യാപ്റ്റൻ കെ എല്‍ രാഹുലിനെ നൈസായി ട്രോളി ലഖ്നൗ

സമ്മര്‍ദ്ദ നിമിഷങ്ങളെ അതിജീവിക്കാനാകുമെന്ന് മായങ്ക് ഇപ്പോഴെ തെളിയിച്ചു കഴിഞ്ഞു. പേസ് കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരെപ്പോലും അവന്‍ വെള്ളംകുടിപ്പിക്കുന്നുണ്ട്. അവന്‍റെ പേസിനെ നേരിടുമ്പോള്‍ കൃത്യസമയത്ത് ബാറ്റുകൊണ്ട് പ്രതിരോധിക്കാനായില്ലെങ്കില്‍ ബാറ്റര്‍മാര്‍ വെള്ളം കുടിക്കുമെന്നുറപ്പാണ്. മുഹമ്മദ് ഷമി ലോകകപ്പില്‍ കളിക്കില്ലെന്ന് ഉറപ്പായിരിക്കെ മൂന്നാം സീമര്‍ക്കുവേണ്ടിയുള്ള അന്വേഷണം സെലക്ടര്‍മാര്‍ തുടങ്ങിക്കഴിഞ്ഞു. പേസും കൃത്യതയും കണക്കിലെടുക്കുമ്പോള്‍ അതിന് പറ്റിയ ആളാണ് മായങ്ക് എന്നും പ്രസാദ് പറഞ്ഞു.

വേഗം മാത്രമല്ല, മായങ്ക് പുലര്‍ത്തുന്ന കൃത്യത കൂടിയാണ് യുവപേസറെ ടീമിലെടുക്കണമെന്ന് പറയാനുള്ള കാരണം. ആര്‍സിബിക്കെതിരായ മത്സരത്തില്‍ കാമറൂണ്‍ ഗ്രീനിനെ പുറത്താക്കിയ അവന്‍റെ പന്ത് മാത്രം മതി മായങ്കിന്‍റെ മികവറിയാന്‍. ഈ ഐപിഎല്ലിലെ കണ്ടെത്തലാണ് മായങ്കെന്നും വിന്‍ഡീസിലെയും അമേരിക്കയിലെയും പിച്ചുകളില്‍ മായങ്ക് മുതല്‍ക്കൂട്ടാകുമെന്നും 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത പ്രസാദ് പറഞ്ഞു.

'ക്യാപ്റ്റനും കോച്ചുമെല്ലാം അതാണ് ആവശ്യപ്പെടുന്നത്', മുംബൈ ഡ്രസ്സിംഗ് റൂമില്‍ സഹതാരങ്ങളോട് രോഹിത് ശര്‍മ

ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആരാധകര്‍ മായങ്കിന്‍റെ ബൗളിംഗിനായി ഉറ്റുനോക്കിയെങ്കിലും ഒരു ഓവര്‍ മാത്രമെറിഞ്ഞ യുവതാരം നേരിയ പരിക്കുമൂലം പിന്നീട് ബൗള്‍ ചെയ്തിരുന്നില്ല. ഒരോവറില്‍ മൂന്ന് ബൗണ്ടറിയടക്കം 13 റണ്‍സ് വഴങ്ങിയ മായങ്കിന് 140 കിലോ മീറ്റര്‍ വേഗം മാത്രമെ കണ്ടെത്താനായിരുന്നുള്ളു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക