ഐപിഎല്ലില്‍ മുന്‍ ഇന്ത്യൻ താരം സഹീര്‍ ഖാനെ മെന്‍റര്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ ഒരുങ്ങി ലക്നൗ സൂപ്പര്‍ ജയന്‍റ്സ്. 

ലക്നൗ: ഐപിഎല്ലില്‍ മുന്‍ ഇന്ത്യൻ താരം സഹീര്‍ ഖാനെ മെന്‍റര്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ ഒരുങ്ങി ലക്നൗ സൂപ്പര്‍ ജയന്‍റ്സ്. ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററായി പോയതിന് പിന്നാലെ 2024ലാണ് സഹീര്‍ ലക്നൗ ടീമിന്‍റെ മെന്‍ററായത്. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ലക്നൗ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ സീസണില്‍ റിഷഭ് പന്തിനെ 27 കോടി മുടക്കി ടീമിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സഹീറായിരുന്നു. ഐപിഎല്ലില്‍ ഇതുവരെ ഫൈനലിലെത്താന്‍ കഴിയാത്ത ലക്നൗ ഗംഭീര്ഡ മെന്‍ററായിരുന്ന 2022ലും 2023ലും പ്ലേ ഓഫിലെത്തിയിരുന്നു.

സഹീറിനെ മെന്‍റര്‍ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക വൈകാതെ പ്രഖ്യാപിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യൻ ടീമിന്‍റെ മുന്‍ ബൗളിംഗ് കോച്ചായ ഭരത് അരുണ്‍ ലക്നൗ ടീമിന്‍റെ ബൗളിംഗ് കോച്ചായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹീറിനെ മെന്‍റര്‍ സ്ഥാനത്തു നിന്ന് നീക്കാനുള്ള തീരുമാനമെടുത്തത്. ഹണ്ടഡ് ലീഗിന്‍റെ ഭാഗമായി ഇംഗ്ലണ്ടിലുള്ള സഞ്ജീവ് ഗോയങ്ക ടീമിന്‍റെ പുതിയ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റിനെയും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഡയറക്ടര്‍ ഓഫ് ക്രിക്കറ്റിനാകും സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലെ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്സ്, ഹണ്ട്രഡിലെ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് ടീമുകളുടെയും ചുമതല.

2018 മുതല്‍ 2022വരെ മുംബൈ ഇന്ത്യൻസിന്‍റെ ഡയറക്ടർ ഓഫ് ക്രിക്കറ്റായും പിന്നീട് ഗ്ലോബല്‍ ഡവലപ്മെന്‍റ് ഹെഡും ആയിരുന്നു സഹീര്‍ ഖാന്‍. ലക്നൗ മെന്റര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സഹീര്‍ മുംബൈ ഇന്ത്യൻസ് മുന്‍ നായകന്‍ രോഹിത് ശര്‍മയുമായി കൂടിക്കാഴ്ച നടത്തി. ലക്നൗ ടീമിന് പുറമെ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്സിലേക്കും മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനും പുതിയ പേസർമാരെ കണ്ടെത്താനുള്ള ഉത്തരവാദിത്തവും ലക്നോ ടീം ഭരത് അരുണിന് നല്‍കിയിട്ടുണ്ട്. ലക്നൗ ടീമിലെ പേസര്‍മാരായ ആകാശ് ദീപ്, ആവേശ് ഖാന്‍, മായങ്ക് യാദവ്, പ്രിൻസ് യാദവ്, മെഹ്സിന്‍ ഖാന്‍, ആകാശ് സിംഗ് എന്നിവരെ ഐപിഎല്ലിലും തിളങ്ങാന്‍ പ്രാപ്തരാക്കുകയാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തമെന്ന് ഭരത് അരുണ്‍ പ്രതികരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക