തുടര്‍ തോല്‍വികളില്‍ വലയുന്ന ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആശ്വാസജയത്തിനായി ഇറങ്ങുമ്പോള്‍, പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ലക്ഷ്യം പ്ലേ ഓഫ് ഉറപ്പിക്കലാണ്. ലക്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍പ് ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് വിക്കറ്റിന് ജയിച്ച ആത്മവിശ്വാസത്തിലാണ് ആര്‍സിബി.

ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ലക്‌നൗവില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. ഐപിഎല്ലില്‍ തൊട്ടതെല്ലാം പിഴയ്ക്കുന്ന ലക്‌നൗ സുപ്പര്‍ ജയന്റസ്. ജയം എന്തെന്ന് അറിഞ്ഞിട്ട് നാളുകള്‍ ഏറെയായി. ഒന്‍പത് കളിയില്‍ ഏഴിലും തോറ്റു. അവസാന അഞ്ച് കളിയില്‍ തുടരെ തോല്‍വി. പ്ലേ ഓഫ് പ്രതീക്ഷകള്‍ എന്നേ കൈവിട്ട റിഷഭ് പന്തും സംഘവും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഇറങ്ങുന്നത് ആശ്വാസജയത്തിനായി.

നിലവിലെ ചാമ്പ്യന്‍മാരായ ആര്‍സിബി പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍. ആര്‍സിബിയുടെ ലക്ഷ്യം ബെംഗളൂരുവില്‍ ഏറ്റുമുട്ടിയപ്പോള്‍ നേടിയ അഞ്ച് വിക്കറ്റ് വിജയം ആവര്‍ത്തിച്ച് പ്ലേ ഓഫില്‍ ഇടം ഉറപ്പിക്കുക. വിരാട് കോലി നയിക്കുന്ന ബാറ്റിംഗ് നിരയാണ് കരുത്ത്. ദേവ്ദത്ത് പടിക്കലും നായകന്‍ രജത് പത്തിദാറും ടിം ഡേവിഡും അതിവേഗം റണ്ണടിക്കുന്നവര്‍. ജോഷ് ഹെയ്‌സല്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പണ്ഡ്യ, സൂയാഷ് ശര്‍മ്മ എന്നിവരുള്‍പ്പെട്ട ബൗളിംഗ് നിരയും ശക്തം. മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, നിക്കോളാസ് പുരാന്‍, എയ്ഡന്‍ മാര്‍ക്രം. വമ്പന്‍താരങ്ങളുണ്ടെങ്കിലും ടീമെന്ന നിലയിലേക്ക് ഉയരാനാവുന്നില്ല ലക്‌നൗവിന്.

ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്ക് ടീമിനെ വിജയവഴിയില്‍ എത്തിക്കാനുമാവുന്നില്ല. സീസണില്‍ നന്നായി തുടങ്ങിയെങ്കിലും മുഹമ്മദ് ഷമിയുടെ ബൗളിംഗ് മൂര്‍ച്ച നഷ്ടമായത് എല്‍ എസ് ജിക്ക് തിരിച്ചടിയായി. പ്രതീക്ഷ പ്രിന്‍സ് യാദവിന്റെയും മൊഹ്‌സിന്‍ ഖാന്റെയും പന്തുകളില്‍. ഇരുടീമും ഏറ്റുമുട്ടിയത് ഏഴ് കളിയില്‍. അഞ്ചില്‍ ആര്‍സിബിയും രണ്ടില്‍ ലക്‌നൗവും ജയിച്ചു. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍...

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: ജേക്കബ് ബെഥേല്‍, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പതിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ്മ, റാസിഖ് സലാം ദാര്‍.

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്: മിച്ചല്‍ മാര്‍ഷ്, ജോഷ് ഇംഗ്ലിസ്, നിക്കോളാസ് പൂരന്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മര്‍ക്രം, അക്ഷത് രഘുവാന്‍ഷി, ഹിമ്മത് സിംഗ്, മുഹമ്മദ് ഷമി, മൊഹ്സിന്‍ ഖാന്‍, പ്രിന്‍സ് യാദവ്, ആവേശ് ഖാന്‍, ദിഗ്വേഷ് രാതി.

YouTube video player