രണ്ടുവർഷത്തെ കാലാവധിയാണ് എസിസി പ്രസിഡന്‍റ് സ്ഥാനത്തിനുള്ളത്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അഞ്ച് പൂർണ അംഗരാജ്യങ്ങൾക്കിടയിൽ ഊഴമനുസരിച്ചാണ് അധ്യക്ഷ സ്ഥാനം കൈമാറുന്നത്.

ദുബായ്: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്‍റ്(എസിസി) സ്ഥാനത്തുനിന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിക്ക് പിന്തുണ നഷ്ടമായതായി റിപ്പോര്‍ട്ട്. കാലാവധി നീട്ടിയെടുക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും, നഖ്‌‌വിക്ക് ഏഷ്യൻ ക്രിക്കറ്റിലെ പ്രമുഖ രാജ്യങ്ങളുടെ പിന്തുണ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്(ബിസിബി) പ്രസിഡന്‍റും മുൻ നായകനുമായ തമീം ഇഖ്ബാൽ നഖ്‌വിക്ക് പകരം അടുത്ത എസിസി അധ്യക്ഷനായി ചുമതലയേൽക്കുമെന്നും സൂചനയുണ്ട്.

രണ്ടുവർഷത്തെ കാലാവധിയാണ് എസിസി പ്രസിഡന്‍റ് സ്ഥാനത്തിനുള്ളത്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അഞ്ച് പൂർണ അംഗരാജ്യങ്ങൾക്കിടയിൽ ഊഴമനുസരിച്ചാണ് അധ്യക്ഷ സ്ഥാനം കൈമാറുന്നത്. നിലവിലെ കാലാവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ സമയം നീട്ടിയെടുക്കാൻ നഖ്‌വി നീക്കം നടത്തിയെങ്കിലും, അഞ്ചിൽ മൂന്ന് അംഗരാജ്യങ്ങളും അതിനെ എതിർക്കുകയായിരുന്നു. എസിസി വാർഷിക പൊതുയോഗം വരെ പ്രസിഡന്‍റായി തുടരാൻ നഖ്‌വി ശ്രമിച്ചേക്കുമെങ്കിലും അത് നടപ്പിലാകാൻ സാധ്യതയില്ലെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. മുമ്പ് ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഷാ എല്ലാ രാജ്യങ്ങളുടെയും ഐക്യകണ്ഠമായ പിന്തുണയോടെ മൂന്ന് വർഷം (2022-2024) പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ നഖ്‌വിയുടെ കാര്യത്തിൽ അത്തരം ഐക്യം കൗൺസിലിൽ നിലവിലില്ല.

വിവാദങ്ങളും ഇന്ത്യയുമായുള്ള ഭിന്നതയും

ഏഷ്യയിലെ ക്രിക്കറ്റ് വളർച്ചയ്ക്ക് നേതൃത്വം നൽകേണ്ട എസിസി, നഖ്‌വിയുടെ ഭരണകാലത്ത് രാഷ്ട്രീയ നാടകങ്ങളുടെ വേദിയായി മാറിയെന്ന വിമർശനം ശക്തമാണ്. പുരുഷ-വനിതാ ഏഷ്യാ കപ്പ് കിരീടധാരണ ചടങ്ങുകളിൽ ഇന്ത്യ കിരീടം ഏറ്റുവാങ്ങാൻ വിസമ്മതിച്ചത് വലിയ വിവാദമായിരുന്നു. ട്രോഫി കൈമാറാൻ മറ്റാരെയും അനുവദിക്കില്ലെന്ന് നഖ്‌വി വാശിപിടിച്ചതാണ് സ്ഥിതി വഷളാക്കിയത്. ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് തർക്കങ്ങൾക്കിടയിലും, മുസ്തഫിസുർ റഹ്മാൻ വിവാദത്തെത്തുടർന്ന് ബംഗ്ലാദേശ് ടി20 ലോകകപ്പിൽ നിന്ന് പിന്മാറിയപ്പോഴും നഖ്‌വിയുടെ ഇടപെടലുകൾ ചർച്ചയായിരുന്നു.

ബംഗ്ലാദേശിന്‍റെ അടുത്ത ഊഴത്തിൽ ബിസിബി അധ്യക്ഷൻ തമീം ഇഖ്ബാൽ എസിസി തലപ്പത്തേക്ക് എത്തുന്നത് ഇന്ത്യയ്ക്ക് ഏറെ ആശ്വാസകരമാണ്. ഇന്ത്യയുമായി നല്ല ബന്ധം പുലർത്താൻ ആഗ്രഹിക്കുന്ന തമീം, മുൻപ് ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പിന്മാറാൻ പാടില്ലായിരുന്നു എന്ന നിലപാടുകാരനാണ്. തമീം എസിസി പ്രസിഡന്റാകുന്നതോടെ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുകയും ഏഷ്യൻ ക്രിക്കറ്റിൽ ഭരണപരമായ സ്ഥിരത കൈവരികയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക