ജാമി സ്മിത്തും ഹാരി ബ്രൂക്കും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 150 കടത്തിയെങ്കിലും ബ്രൂക്കിനെ മടക്കിയ ബ്രണ്ടണ്‍ ഡോഗെറ്റ് കൂട്ടുകെട്ട് തകര്‍ത്തതോട ഇംഗ്ലണ്ട് വാലറ്റത്തെ സറ്റാര്‍ക്ക് എറിഞ്ഞിട്ടു.
പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 172 റണ്‍സിന് പുറത്ത്. 12.5 ഓവറില്‍ 58 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റെടുത്ത പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ബൗളിംഗാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. നാലു പേര്‍ മാത്രം രണ്ടക്കം കടന്ന ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ 52 റണ്‍സെടുത്ത ഹാരി ബ്രൂക്ക് ആണ് ടോപ് സ്കോറര്‍. ഒല്ലി പോപ്പ് 46 റണ്‍സടിച്ചപ്പോള്‍ ജാമി സ്മിത്ത് 33 റണ്‍സും ബെന്‍ ഡക്കറ്റ് 21 റണ്‍സുമെടുത്തു. ജോ റൂട്ട് പൂജ്യത്തിന് പുറത്തായപ്പോള്‍ ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് ആറ് റണ്‍സെടുത്ത് മടങ്ങി.
അവസാന അഞ്ച് വിക്കറ്റുകള്‍ 12 റണ്‍സെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 160-5ല്‍ നിന്നാണ് ഇംഗ്ലണ്ട് 172ന് ഓള്‍ ഔട്ടായത്. മറുപടി ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സെന്ന നിലയിലാണ്. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ അരങ്ങേറ്റക്കാരന്‍ ഓപ്പണര്‍ ജേക്ക് വെതറാള്‍ഡിനെ ജോഫ്ര ആര്‍ച്ചര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആറ് റണ്‍സോടെ മാര്‍നസ് ലാബുഷെയ്നും ഏഴ് റണ്‍സുമായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് പ്രഹരമേല്‍പ്പിച്ചു. റണ്ണെടുക്കും മുമ്പെ സാക് ക്രോളിയെ മടക്കിയ സ്റ്റാര്‍ക്ക് ബെന്‍ ഡക്കറ്റിനെയും ജോ റൂട്ടിനെയും കൂടി പുറത്താക്കി തുടക്കത്തിലെ ഇംഗ്ലണ്ടിനെ 39-3ലേക്ക് തള്ളിയിട്ട് ബാക് ഫൂട്ടിലാക്കി. ഒല്ലി പോപ്പും ഹാരി ബ്രൂക്കും ചേര്‍ന്ന് പ്രതീക്ഷ നല്‍കിയെങ്കിലും ലഞ്ചിന് തൊട്ടു മുമ്പ് പോപ്പിനെ വീഴ്ത്തിയ ഗ്രീന്‍ കൂട്ടുകെട്ട് പൊളിച്ചു, ലഞ്ചിനുശേഷം ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സിനെ പുറത്തായി സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചു.
ജാമി സ്മിത്തും ഹാരി ബ്രൂക്കും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 150 കടത്തിയെങ്കിലും ബ്രൂക്കിനെ മടക്കിയ ബ്രണ്ടണ്‍ ഡോഗെറ്റ് കൂട്ടുകെട്ട് തകര്‍ത്തതോട ഇംഗ്ലണ്ട് വാലറ്റത്തെ സറ്റാര്‍ക്ക് എറിഞ്ഞിട്ടു. ജാമി സ്മിത്തിനെയും മാര്‍ക്ക് വുഡിനെയും തുടര്‍ച്ചയായ പന്തുകളില്‍ വീഴ്ത്തിയാണ് സ്റ്റാര്‍ക്ക് ഏഴ് വിക്കറ്റ് നേട്ടം തികച്ചത്. ഓസീസിനായി സ്റ്റാര്‍ക്ക് 12.5 ഓവറില്‍ 58 റണ്‍സിന് ഏഴ് വിക്കറ്റെടുത്തപ്പോള്‍ ഡോഗെറ്റ് രണ്ട് വിക്കറ്റും ഗ്രീന്‍ ഒരു വിക്കറ്റുമെടുത്തു. 10 ഓവറില്‍ 62 റണ്‍സ് വഴങ്ങിയ സ്കോട് ബോളണ്ടിന് വിക്കറ്റൊന്നും ലഭിച്ചില്ല.


