കൊല്‍ക്കത്തയില്‍ നാലു സ്പിന്നര്‍മാരുമായി ഇറങ്ങിയ തീരുമാനം തിരിച്ചടിച്ച സാഹചര്യത്തില്‍ ബൗളിംഗ് നിരയിലും നാളെ മാറ്റമുണ്ടാകും.

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ ടെസ്റ്റില്‍ തോറ്റ ടീമില്‍ ഇന്ത്യ രണ്ട് മാറ്റങ്ങളെങ്കിലും വരുത്തുമെന്നുറപ്പാണ്. പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ നാളെ കളിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ പകരം ആരാകും പ്ലേയിംഗ് ഇലവനിലെത്തുക എന്നാ ആരാധകര്‍ ഉറ്റുനോക്കുന്നത്. ഗില്‍ ഇന്ന് കായികക്ഷമതാ പരിശോധനക്ക് വിധേയനാവുമെങ്കിലും രണ്ടാം ടെസ്റ്റില്‍ കളിക്കാനുള്ള സാധ്യത വിരളമാണെന്നാണ് സൂചന.

ഗില്ലിന്‍റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റൻ റിഷഭ് പന്താവും നാളെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. ഗില്ലിന് പകരം ബാറ്റിംഗ് ഓര്‍ഡറില്‍ സായ് സുദര്‍ശനോ ദേവ്ദത്ത് പടിക്കലിനോ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. സായ് സുദര്‍ശനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. സായ് സുദര്‍ശന്‍ പ്ലേയിംഗ് ഇലവനിലെത്തിയാല്‍ മൂന്നാം നമ്പറിലും മാറ്റമുണ്ടാകും. ആദ്യ ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ കളിച്ച വാഷിംഗ്ടൺ സുന്ദര്‍ മധ്യനിരയിലേക്ക് മാറും. സുദര്‍ശന്‍ മൂന്നാം നമ്പറിലിറങ്ങും. ഗില്‍ കളിക്കുന്ന നാലാം നമ്പറില്‍ ധ്രുവ് ജുറെലാകും ക്രീസിലെത്തുക.

കൊല്‍ക്കത്തയില്‍ നാലു സ്പിന്നര്‍മാരുമായി ഇറങ്ങിയ തീരുമാനം തിരിച്ചടിച്ച സാഹചര്യത്തില്‍ ബൗളിംഗ് നിരയിലും നാളെ മാറ്റമുണ്ടാകും. അക്സര്‍ പട്ടേലിനോ കുല്‍ദീപ് യാദവിനോ പകരം നിതീഷ് കുമാര്‍റെഡ്ഡി നാളെ പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യതയുണ്ട്. ഗുവാഹത്തിയിലെ പിച്ചില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ പേസര്‍മാര്‍ക്ക് മികച്ച ബൗണ്‍സ് ലഭിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ അക്സറിന് പകരം നിതീഷ് പ്ലേയിംഗ് ഇലവനിലെത്താനാണ് സാധ്യത. പേസ് നിരയില്‍ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ രണ്ട് മത്സര പരമ്പരയില്‍ 0-1ന് പിന്നിലാണ്. നാളെ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ ജയിച്ചില്ലെങ്കില്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. മത്സരം സമനിലയായാല്‍ പോലും ദക്ഷിണാഫ്രിക്കക്ക് പരമ്പര നേടാനാവും.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍, റിഷഭ് പന്ത്(ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക