ഏകദിന ക്രിക്കറ്റില്‍ വിരാട് കോലി, രോഹിത് ശര്‍മയേക്കാള്‍ ഒരുപടി മുന്നിലാണെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
രാജ്‌കോട്ട്: കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച ഫോമിലാണ് ഇന്ത്യന്‍ വെറ്ററന്‍ താരം വിരാട് കോലി. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയത് 469 റണ്‍സാണ്. രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ദ്ധ സെഞ്ചുറികളും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. വഡോദരയില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ 91 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയിരുന്നു കോലി. കോലിയുടെ ഇന്നിംഗ്‌സിന്റെ ബലത്തില്‍ 301 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മറികടക്കുകയും ചെയ്തു. ഇപ്പോള്‍ കോലിയുടെ അടുത്തകാലത്തെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
ഏകദിന ക്രിക്കറ്റില്‍ കോലി രോഹിത് ശര്‍മയേക്കാള്‍ ഒരുപടി മുന്നിലാണെന്നാണ് കൈഫ് പറഞ്ഞുവെക്കുന്നത്. കൈഫിന്റെ വാക്കുകള്‍... ''കോലി തുടക്കം മുതല്‍ തന്നെ കളി മാറ്റുന്നു. 30 അല്ലെങ്കില്‍ 40 റണ്‍സ് നേടുമ്പോള്‍ തന്നെ അദ്ദേഹം അവസാനം വരെ കളിക്കുമെന്ന് നമുക്ക് തോന്നും. കോലി അത്തരത്തില്‍ സാധിക്കുകയും ചെയ്യും. അദ്ദേഹത്തിന് മത്സരം ജയിപ്പിക്കാനും സ്ഥിരതയോടെ കളിക്കാനും സാധിക്കുന്നു. അതുകൊണ്ടാണ് ഏകദിന ക്രിക്കറ്റില്‍ കോലി എപ്പോഴും രോഹിത് ശര്‍മ്മയേക്കാള്‍ മുന്നിലായിരിക്കുന്നത്.'' കൈഫ് പറഞ്ഞു.
മുന്‍ താരം തുടര്‍ന്നു... ''കോലി സ്ഥിരമായി റണ്‍സ് നേടുകയും വലിയ ഇന്നിംഗ്സുകള്‍ കളിക്കുകയും ചെയ്യുന്നു. ആദ്യ ഏകദിനത്തില്‍ കോലി പുറത്തായപ്പോള്‍ നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയും. തെറ്റായ ഷോട്ട് ആണ് കളിച്ചതെന്ന് വ്യക്തമായി കരുതി അദ്ദേഹം തലയാട്ടുകയായിരുന്നു.'' കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഏകദിനത്തില്‍ മാത്രം കോലിയുടെ അക്കൗണ്ടില്‍ 53 സെഞ്ചുറികളാണുള്ളത്. 90 കളില്‍ എട്ട് തവണ കോലി പുറത്തായി. കൈല്‍ ജാമിസണിന്റെ പന്തില്‍ മൈക്കല്‍ ബ്രേസ്വെല്ലിന് ക്യാച്ച് നല്‍കിയാണ് കോലി പുറത്താവുന്നത്. മറുവശത്ത്, രോഹിത് തന്റെ ഏകദിന കരിയറില്‍ 94 തവണ അമ്പതോ അതിലധികമോ സ്‌കോറുകള്‍ നേടിയിട്ടുണ്ട്. അതില്‍ 33 എണ്ണം സെഞ്ച്വറികള്‍ ആക്കി മാറ്റുകയും ചെയ്തു. 2027 ലെ ഏകദിന ലോകകപ്പ് കളിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ രോഹിതും കോലിയും തങ്ങളുടെ കരിയറിലെ അവസാന ഘട്ടത്തിലാണ്.

