മുഹമ്മദ് ഷമിക്ക് പരിക്ക്? ലോകകപ്പില്‍ മുന്നില്‍ നില്‍ക്കെ ആരാധകര്‍ക്ക് ആശങ്ക; പിന്നീട് അതിഗംഭീര തിരിച്ചുവരവ്
അധികനേരം അദ്ദേഹത്തിന് ഗ്രൗണ്ടില്‍ തുടരാനായില്ല. തന്റെ നാല് ഓവറുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഷമി ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. ഈ നാല് ഓവറുകള്‍ക്കിടെ തന്നെ ഷമി അസ്വസ്ഥതകള്‍ കാണിച്ചിരുന്നു.

മൊഹാലി: ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് മുഹമ്മദ് ഷമിയായിരുന്നു. മത്സരത്തിലെ നാലാം പന്തില്‍ തന്നെ ഓസീസ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ (4) സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. അതിന് തൊട്ടുമുമ്പുള്ള പന്തില്‍ മാര്‍ഷ് ബൗണ്ടറി നേടിയിരുന്നു. ഏഷ്യാ കപ്പില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജിന് വിശ്രമം നല്‍കിയപ്പോഴാണ് ഷമി ടീമില്‍ തിരിച്ചെത്തിയത്. ആദ്യ ഓവറില്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിയാണെന്ന് ഷമി തെളിയിച്ചു.
എന്നാല്‍ അധികനേരം അദ്ദേഹത്തിന് ഗ്രൗണ്ടില്‍ തുടരാനായില്ല. തന്റെ നാല് ഓവറുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഷമി ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. ഈ നാല് ഓവറുകള്‍ക്കിടെ തന്നെ ഷമി അസ്വസ്ഥതകള്‍ കാണിച്ചിരുന്നു. ഇടയ്ക്കിടെ നടുഭാഗത്ത് കൈവെക്കുന്നുണ്ടായിരുന്നു. നാലാം ഓവറില്‍ അദ്ദേഹത്തിന്റെ പന്തുകളുടെ സ്പീഡും കുറഞ്ഞു. ക്ഷീണിതനാണെന്നും ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും ഷമിയുടെ മുഖത്ത് വ്യക്തമായിരുന്നു. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഫിസിയോയും ഷമിയുടെ തൊട്ടടുത്ത് വന്നുനിന്നു.
ഷമി ഗ്രൗണ്ട് വിട്ടതോടെ ആരാധകരും ആശങ്കയിലായി. ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഷമിക്ക എന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ ഷമിക്ക് ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പുറത്തുവരുന്ന വിവരം. മൊഹാലിയിലെ കനത്ത ചൂടാണ് ഷമി ഗ്രൗണ്ട് വിടാന്‍ കാരണം. പിന്നാലെ 22-ാം ഓവറില്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തിയ ഷമി സ്റ്റീവന്‍ സ്മിത്തിനെ (41) മടക്കുകയും ചെയ്തു. അഞ്ച് ഓവറുകള്‍ പൂര്‍ത്തിയാക്കിയ ഷമി 16 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയത്.
ഇന്ത്യ: ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി.