Asianet News MalayalamAsianet News Malayalam

ഷമിക്ക് മീതെ ഒരാളും ഇനി ഉയരില്ല! റണ്‍-വിക്കറ്റ് വേട്ടയില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം

വിക്കറ്റ് വേട്ടയില്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആഡം സാംപയാണ് രണ്ടാം സ്ഥാനത്ത്. 11 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സാംപ 23 വിക്കറ്റാണ് വീഴ്ത്തിയത്. ഫൈനലില്‍ ഒരു വിക്കറ്റും താരം സ്വന്തമാക്കി. ഇനി മറ്റൊരാളും ഷമിയെ മറികടക്കാന്‍ സാധ്യതയില്ല.

mohammed shami back to top of the wicket takers table
Author
First Published Nov 19, 2023, 7:52 PM IST

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. ഇന്ന് ഫൈനലില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കിയതോടെയാണ് ഷമി ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഏഴ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ഷമിക്ക് ഇതുവരെ 24 വിക്കറ്റുകളായി. 10.12 ശരാശരിയിലാണ് ഷമിയുടെ നേട്ടം. മൂന്ന് തവണ അഞ്ച് വിക്കറ്റും ഒരു നാല് വിക്കറ്റ് നേട്ടവും ഷമി സ്വന്തമാക്കിയിരുന്നു. 57 റണ്‍സിന് ഏഴ് വിക്കറ്റ് നേടിയതാണ് ഷമിയുടെ മികച്ച പ്രകടനം.

വിക്കറ്റ് വേട്ടയില്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആഡം സാംപയാണ് രണ്ടാം സ്ഥാനത്ത്. 11 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സാംപ 23 വിക്കറ്റാണ് വീഴ്ത്തിയത്. ഫൈനലില്‍ ഒരു വിക്കറ്റും താരം സ്വന്തമാക്കി. ഇനി മറ്റൊരാളും ഷമിയെ മറികടക്കാന്‍ സാധ്യതയില്ല. ഫൈനലില്‍ ഇതുവരെ രണ്ട് പേരെ വീഴ്ത്തിയ ജസ്പ്രിത് ബുമ്ര 20 വിക്കറ്റുമായി ഇപ്പോള്‍ നാലാമതാണ്. ഇനി അഞ്ച് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ മാത്രമെ ഷമിയെ മറികടക്കാന്‍ ബുമ്രയ്ക്ക് സാധിക്കൂ. മറ്റാരും തന്നെ ഷമിയെ മറിടക്കാന്‍ സാധ്യതയില്ല. 

ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ശ്രീലങ്കന്‍ ടീമിന്റെ പേസര്‍ ദില്‍ഷന്‍ മധുഷങ്കയാണ് മൂന്നാമന്‍. 21 വിക്കറ്റുകളാണ് ദില്‍ഷന്‍ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയുടെ ജെറാള്‍ഡ് കോട്‌സീ (20), ഷഹീന്‍ അഫ്രീദി (18), മാര്‍ക്കോ യാന്‍സന്‍ (17), രവീന്ദ്ര ജഡേജ, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സാന്റ്‌നര്‍ (16) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

അതേസമയം, വിരാട് കോലി ഏകദിന ലോകകപ്പ് അവസാനിപ്പിക്കുന്നത് റെക്കോര്‍ഡോടെയാണ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെ റെക്കോര്‍ഡാണ് കോലിക്ക് സ്വന്തമായത്. 11 ഇന്നിംഗ്‌സില്‍ നിന്ന് 765 റണ്‍സാണ് കോലി നേടിയത്. ശരാശരി 95.62. മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും കോലിയുടെ ഇന്നിംഗ്‌സിലുണ്ട്. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഫൈനലില്‍ 63 പന്തില്‍ 54 റണ്‍സാണ് കോലി നേടിയത്. തുടര്‍ച്ചയായി അഞ്ച് തവണ 50+ സ്‌കോറുകള്‍ നേടാന്‍ കോലിക്ക് സാധിച്ചിരുന്നു.

സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ 47 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 597 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് (594), ന്യൂസിലന്‍ഡ് താരങ്ങളായ രചിന്‍ രവീന്ദ്ര (578), ഡാരില്‍ മിച്ചല്‍ (552) എന്നിവര്‍ മൂന്ന് മുതല്‍ അഞ്ച് വരെ. രണ്ട് ടീമുകളും സെമിയില്‍ മടങ്ങിയിരുന്നു. 11 മത്സരങ്ങളില്‍ 530 അടിച്ചെടുത്ത ശ്രേയസ് അയ്യരാണ് ആറാമത്. പിന്നാലെ ഡേവിഡ് വാര്‍ണര്‍.

വീഡിയോയില്‍ വ്യക്തം, പലസ്തീന്‍ പിന്തുണക്കാരന്‍ ആദ്യമണിഞ്ഞത് ഇന്ത്യന്‍ ജഴ്‌സി! കയ്യില്‍ രക്തം, പേര് പുറത്ത്

Follow Us:
Download App:
  • android
  • ios