ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ മോശം സേവനത്തിനെതിരെ രംഗത്ത്. ഗുവാഹത്തിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനം നാല് മണിക്കൂർ വൈകിയെന്നും, കൃത്യമായ വിശദീകരണം നൽകാതെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചെന്നും സിറാജ് ആരോപിച്ചു. 

ഗുവാഹത്തി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സേവനത്തില്‍ അതൃപ്തി പ്രകടമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ഗുവാഹത്തിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവേണ്ട വിമാനം വൈകിയതാണ് സിറാജിനെ ബുദ്ധിമുട്ടിച്ചത്. വൈകുന്നേരം 7.25 ന് പുറപ്പെടേണ്ടിയിരുന്നെങ്കിലും വിമാനം ഏറെ വൈകിയാണ് എത്തിയതെന്ന് സിറാജ് എക്‌സില്‍ കുറിച്ചിട്ട പോസ്റ്റില്‍ പറയുന്നു. അന്വേഷണങ്ങള്‍ നടത്തിയിട്ടും എയര്‍ലൈന്‍ വ്യക്തമായ വിശദീകരണം നല്‍കിയില്ലെന്നും ഇത് യാത്രക്കാരെ നാല് മണിക്കൂര്‍ കുടുങ്ങിയെന്നും സിറാജ് പറഞ്ഞു.

സിറാജിന്റെ പോസ്റ്റ് ഇങ്ങനെ... ''ഗുവാഹത്തിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം നമ്പര്‍ IX 2884 വൈകുന്നേരം 7:25 ന് പുറപ്പെടേണ്ടതായിരുന്നു. പക്ഷേ എയര്‍ലൈനില്‍ നിന്ന് ഒരു ആശയവിനിമയവും ലഭിച്ചിട്ടില്ല. അവര്‍ ശരിയായ കാരണം നല്‍കാതെ വിമാനം വൈകിപ്പിച്ചു. ഇത് അങ്ങേയറ്റം നിരാശാജനകമാണ്. വിമാനം 4 മണിക്കൂര്‍ വൈകി, എന്നിട്ടും ഒരു അപ്ഡേറ്റും ഞങ്ങള്‍ക്ക് നല്‍കിയില്ല. ഏറ്റവും മോശം എയര്‍ലൈന്‍ അനുഭവം.'' സിറാജ് കുറിച്ചിട്ടു.

Scroll to load tweet…

സംഭവത്തിന് പിന്നാലെ ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ രംഗത്ത് വന്നു. അപ്രതീക്ഷിതമായ പ്രവര്‍ത്തന കാരണങ്ങളാലാണ് വിമാനം റദ്ദാക്കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കൂടാതെ വിമാനത്താവള ജീവനക്കാര്‍ എല്ലാ യാത്രക്കാരെയും ആവശ്യമായ സഹായം നല്‍കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ പറഞ്ഞു. ''ഈ സാഹചര്യം എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് മനസ്സിലാക്കുന്നു. നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദിക്കുന്നു.'' എയര്‍ ഇന്ത്യ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയോട് ഇന്ത്യ 408 റണ്‍സിന് പരാജയപ്പെട്ടതിനു ശേഷം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു സിറാജ്.

രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ 0-2 ന് ഇന്ത്യ പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനോട് 3-0 ന് പരാജയപ്പെട്ടതിന് ശേഷം തുടര്‍ച്ചയായ രണ്ടാമത്തെ ഹോം ക്രിക്കറ്റ് തോല്‍വിയാണിത്. റണ്‍സ് വ്യത്യാസത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് തോല്‍വിയും ഇതുതന്നെയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 30 റണ്‍സിന് പരാജയപ്പെട്ടിരുന്നു.

YouTube video player