ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍. 

ദില്ലി: ഗുവാഹത്തി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് 408 റണ്‍സിന്റെ തോല്‍വി നേരിട്ടത്തിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ടീം തോല്‍ക്കാനുള്ള പ്രധാന കാരണം ഗംഭീറാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് ഗവാസ്‌കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഗവാസ്‌കറിന്റെ വാക്കുകള്‍... ''ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രയും മോശം അവസ്ഥയില്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഗംഭീര്‍ ബിസിസിഐയില്‍ നിന്ന് എല്ലാം നേടി, തന്റെ കെകെആര്‍ സ്റ്റാഫിനെ കൊണ്ടുവന്നു, രോഹിത്തിനെയും കോഹ്ലിയെയും പുറത്താക്കി, ക്യാപ്റ്റനേക്കാള്‍ കൂടുതല്‍ അധികാരം കൈവശം വച്ചിരിക്കുന്നു. ടീം ഇന്ത്യയുടെ ഈ മോശം അവസ്ഥയുടെ മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനാണ്.'' ഇതിഹാസം വ്യക്തമാക്കി.

നേരത്തെ, മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തികും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കാര്‍ത്തിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ... ''ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ ടീമുകള്‍ മുമ്പ് ഭയപ്പെട്ടിരുന്നു. ഇപ്പോള്‍ ആധിപത്യം ഇന്ത്യക്ക് നഷ്ടമായി. 12 മാസത്തിനിടെ രണ്ടാമത്തെ വൈറ്റ് വാഷ്. ഇന്ത്യയില്‍ നടന്ന അവസാന മൂന്ന് പരമ്പരകളില്‍ രണ്ടെണ്ണം വൈറ്റ് വാഷ് ചെയ്യപ്പെട്ടു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഇത് ദുഷ്‌കരമായ സമയങ്ങളാണ്, അതിനാല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. ഇന്ത്യ വളരെയധികം ഓള്‍റൗണ്ടര്‍മാരെയാണ് ആശ്രയിക്കുന്നത്. പേസ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി ആഭ്യന്തര കലണ്ടര്‍ സീസണില്‍ 14 ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്.'' കാര്‍ത്തിക് പറഞ്ഞു.

YouTube video player

ഗംഭീര്‍ ചുമതലയേറ്റതിനുശേഷം, ഇന്ത്യ 19 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു, ഏഴ് വിജയങ്ങളും പത്ത് തോല്‍വികളും രണ്ട് സമനിലകളും നേടി. അതിന്റെ ഫലമായി വിജയ നിരക്ക് 37 ശതമാനത്തില്‍ താഴെയായി. ഗംഭീറിന് കീഴില്‍ ഇന്ത്യ ചില വിജയങ്ങളും നേടിയിരുന്നു. ദുര്‍ബലരായ ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരെ 2-0ത്തിന് പരമ്പര വിജയം നേടി. അതിനേക്കാള്‍ ഏറെ തിരിച്ചടികളാണുണ്ടായത്. കഴിഞ്ഞ വര്‍ഷം, ന്യൂസിലന്‍ഡിനോട് ഇന്ത്യ സ്വന്തം നാട്ടില്‍ 0-3ന് പരമ്പര പരാജയപ്പെട്ടിരുന്നു.