ന്യൂസിലന്‍ഡ് താരം മാറ്റ് ഹെന്‍റി, വെസ്റ്റ് ഇന്‍ഡീസ് താരം ജെയ്ഡന്‍ സീല്‍സ് എന്നിവരെ മറികടന്നാണ് സിറാജ് ഓഗസ്റ്റിലെ ഐസിസി താരമായത്.

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത വീരോചിത പ്രകടനത്തിന് ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജിന് അംഗീകാരം. ഐസിസിയുടെ ഓഗസ്റ്റിലെ താരമായി സിറാജ് തെരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ മാത്രമെ കളിച്ചുള്ളൂവെങ്കിലും ഓവൽ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റെടുത്ത് ഇന്ത്യയുടെ അവിസ്മരണീയ വിജയം സാധ്യമാക്കിയത് സിറാജായിരുന്നു. ആറ് റണ്‍സിനായിരുന്നു ഇന്ത്യ ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി അഞ്ച് മത്സര ടെസ്റ്റ് പരമ്പര 2-2 സമനിലയാക്കിയത്. മത്സരത്തിലാകെ 46 ഓവര്‍ പന്തെറിഞ്ഞ സിറാജ് തന്നെയായിരുന്നു കളിയിലെ താരവും.

ന്യൂസിലന്‍ഡ് താരം മാറ്റ് ഹെന്‍റി, വെസ്റ്റ് ഇന്‍ഡീസ് താരം ജെയ്ഡന്‍ സീല്‍സ് എന്നിവരെ മറികടന്നാണ് സിറാജ് ഓഗസ്റ്റിലെ ഐസിസി താരമായത്. ഐസിസിയുടെ ഓഗസ്റ്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് സിറാജ് പറഞ്ഞു. താന്‍ കളിച്ചതില്‍ ഏറ്റവും ആവേശകരമായ പരമ്പരയായിരുന്നു ഇംഗ്ലണ്ടിനെതിരെ കളിച്ചതെന്നും ടീമിന്‍റെ വിജയത്തിനായി സംഭാവന ചെയ്യാനായി എന്നതില്‍ അഭിമാനമുണ്ടെന്നും പ്രത്യേകിച്ച് അവസാന ടെസ്റ്റിലെ പ്രകടനത്തിലെന്നും സിറാജ് പറഞ്ഞു.

Scroll to load tweet…

ഈ പുരസ്കാരത്തിന് തനിക്കൊപ്പം തന്നെ ടീം അംഗങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നും അവരുടെ നിരന്തര പ്രചോദനമാണ് തന്നെ ഈ നേട്ടത്തിലെത്തിച്ചതെന്നും സിറാജ് വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അഞ്ച് ടെസ്റ്റിലും കളിച്ച സിറാജ് 23 വിക്കറ്റുമായി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യാനും സിറാജിനായി. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഓവല്‍ ടെസ്റ്റിലെ ആറ് റണ്‍സിന്‍റെ നേരിയ ജയത്തിലൂടെ ഇന്ത്യ 2-2 സമനിലയാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക