ഈമാസം 16ന് നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍ മുഷ്താഖ് അലിയിലെ പ്രകടനം മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയായി ആസിഫിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

മുംബൈ: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റ് വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് മലയാളി താരം കെ എം ആസിഫ്. ഇന്നലെ മുംബൈക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ആസിഫ് നാലു മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. മുംബൈക്കെതിരെ 24 റണ്‍സ് മാത്രം വഴങ്ങിയാണ് ആസിഫ് അഞ്ച് വിക്കറ്റെടുത്തത്. ആസിഫിന്‍റെ ബൗളിംഗ് മികവില്‍ കേരളം 15 റണ്‍സിന്‍റെ അപ്രതീക്ഷിത ജയം സ്വന്തമാക്കുകയും ചെയ്തു.

ഈമാസം 16ന് നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍ മുഷ്താഖ് അലിയിലെ പ്രകടനം മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയായി ആസിഫിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് നാലു വിക്കറ്റ് പ്രകടനമടക്കം 16 വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാന്‍റെ അശോക് ശര്‍മയാണ് ഒന്നാമത്. 13 വിക്കറ്റെടുത്ത ആസമിന്‍റെ മുക്താര്‍ ഹുസൈന്‍ ആണ് വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്ത്. വിദര്‍ഭയുടെ യാഷ് താക്കൂര്‍ 12 വിക്കറ്റുമായി നാലാം സ്ഥാനത്തുണ്ട്.

യുപി താരം വിപ്രജ് നിഗം, ചണ്ഡീഗഡിനായി കളിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് താരം സന്ദീപ് ശര്‍മ, ജമ്മു കശ്മീരിന്‍റെ അക്വിബ് നബി, ഒഡിഷയുടെ രാജേഷ് മൊഹന്തി, ബറോഡയുടെ ലിംബാനി, രാജസ്ഥാന്‍റെ കമലേഷ് നാഗര്‍ഗോട്ടി എന്നിവരാണ് 11 വിക്കറ്റ് വീതമെടുത്ത ആദ്യ പത്തിലുള്ളത്. ഇന്ത്യൻ ടീമില്‍ നിന്ന് ദീര്‍ഘകാലമായി പുറത്തു നില്‍ക്കുന്ന ബംഗാള്‍ പേസര്‍ മുഹമ്മദ് ഷമി അഞ്ച് കളികളില്‍ 9 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ഇരുപത്തി അഞ്ചാം സ്ഥാനത്താണ്.

ഗോവക്കായി കളിക്കുന്ന അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ടൂര്‍ണമെന്‍റില്‍ 5 കളികളില്‍ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അതേസമയം,ജമ്മു കശ്മീരിന്‍റെ അതിവേഗ പേസറായ ഇന്ത്യൻ താരം ഉമ്രാന്‍ മാലിക്കിന് അഞ്ച് കളികളില്‍ നിന്ന് ഇതുവരെ ആറ് വിക്കറ്റ് മാത്രമാണ് ഇതുവരെ നേടാനായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക