റാഞ്ചി: യുഎഇയില്‍ ഐപിഎല്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി ഔദ്യോഗികമായി നല്‍കിയത് ഇന്നാണ്. നേരത്തെ തീരുമാനമായിരുന്നുവെങ്കിലും. കേന്ദ്രം ഔദ്യോഗികമായി അനുമതി നല്‍കിയിരുന്നില്ല. അനുമതി ലഭിച്ചതോടെ ഫ്രാഞ്ചൈസികള്‍ താരങ്ങളെ ക്വാറന്റൈനിലാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇതിനിടെ ക്രിക്കറ്റ് ആരാധകരെ ആവേശഭരിതമാക്കുന്ന മറ്റൊരു വാര്‍ത്തകൂടി പുറത്തുവന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി പരിശീലനം ആരംഭിച്ചുവെന്നാണ് വാര്‍ത്ത.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനാണ് ധോണി. 2019 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായശേഷം ധോണി കളത്തിലിറങ്ങിയിട്ടില്ല. കൊവിഡ് വ്യാപനത്തിന് മുമ്പ്, ഐപിഎല്ലിന് മുന്നോടിയായി അദ്ദേഹം പരിശീലനം നടത്തിയിരുന്നു. പിന്നീട് ഐപിഎല്‍ മാറ്റിവച്ചതോടെ ധോണി പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ഇപ്പോള്‍ ധോണി പരിശീലനം പുനഃരാംഭിച്ചുവെന്നുള്ള കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍. റാഞ്ചി രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഇന്‍ഡോര്‍ സൗകര്യങ്ങളിലാണ് ധോണി പരിശീലനം നടത്തിയതതെന്ന് അദ്ദേഹം വ്യക്തമാക്കി. ''കഴിഞ്ഞ് ആഴ്ച ധോണി സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. ഒരു മണിക്കൂറോളം അദ്ദേഹം പരിശീലനം നടത്തി. ബാറ്റിങ്- ബൗളിങ് പരിശീലനമാണ് നടത്തിയത്. 

കൂടെയുണ്ടായിരുന്ന പരിശീലകന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉള്ളിലേക്ക് കയറിയത്. പന്തെറിയാനും ബൗളറെ ഉപയോഗിച്ചിരുന്നില്ല. ബൗളിങ് യന്ത്രത്തിലൂടെയാണ് ധോണി പന്തുകള്‍ നേരിട്ടത്. എന്നാല്‍ രണ്ട് ദിവസം മാത്രമാണ് ധോണി പരശീലനത്തിനെത്തിയത്. അദ്ദേഹത്തിന്റെ പദ്ധതികള്‍ എന്താണെന്ന് പോലും പറയാന്‍ കഴിയില്ല.'' ജെഎസ്സിഎ പ്രതിനിധി വ്യക്തമാക്കി.

നേരത്തെ നിരവധി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം ആരംഭിച്ചിരുന്നു. മുഹമ്മദ് ഷമി, ഋഷഭ് പന്ത്, സുരേഷ് റെയ്ന, വിരാട് കോലി എന്നിവരെല്ലാം പരിശീലനം തുടങ്ങിയിരുന്നു.