കഴിഞ്ഞ ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ മൂന്ന് വിക്കറ്റ് നേടി വിഘ്‌നേഷ് തിളങ്ങിയിരുന്നു.

മുംബൈ: പരിക്ക് കാരണം ആണ് മലയാളി സ്പിന്നർ വിഘ്‌നേഷ് പുത്തൂരിനെ ഒഴിവാക്കിയതെന്ന് മുംബൈ ഇന്ത്യൻസ് വൃത്തങ്ങൾ. കഴിഞ്ഞ ഐപിഎല്ലിനിടെ കാൽമുട്ടിനു താഴെ പരിക്കേറ്റ വിഘ്‌നേഷിന്‌, കെസിഎല്ലിനിടെയും പരിക്കേറ്റിരുന്നു. ടീമിൽ നിന്ന് ഒഴിവാക്കിയെങ്കിലും വിഘ്‌നേഷിന്റ പരിക്ക് പൂർണമായി ഭേദമാകാൻ ആവശ്യമായ പിന്തുണ തുടർന്നും നൽകുമെന്നും മുംബൈ ഇന്ത്യൻസ് ടീം വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അടുത്ത മാസം നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിൽ വിഘ്നേഷിന് പങ്കെടുക്കാനാകും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ മൂന്ന് വിക്കറ്റ് നേടി വിഘ്‌നേഷ് തിളങ്ങിയിരുന്നു. സീസണിലെ 5 കളിയിൽ മുംബൈക്കായി പന്തെറിഞ്ഞ വിഘ്നേഷ് ആറ് വിക്കറ്റ് ആണ് നേടിയത്.

കെസിഎല്‍ രണ്ടാം സീസണില്‍ ആലപ്പി റിപ്പിള്‍സിനായി കളിക്കാനിറങ്ങിയ വിഘ്നേഷിന് ആദ്യ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാനായത്. പിന്നീട് പരിക്കുമൂലം ടീമില്‍ നിന്ന് പുറത്തായ വിഘ്നേഷ് ഓഗസ്റ്റ് 23നാണ് അവസാനം മത്സര ക്രിക്കറ്റില്‍ കളിച്ചത്. കഴിഞ്ഞ ഐപിഎല്ലില്‍ ഏപ്രില്‍ 23ന് നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലായിരുന്നു വിഘ്നേഷിന് ആദ്യം പരിക്കേറ്റത്. 

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ട്രയല്‍സില്‍ പങ്കെടുത്ത വിഘ്നേഷിനെ 30 ലക്ഷം രൂപക്കായിരുന്നു മുംബൈ ടീമിലെത്തിച്ചത്. കേരളത്തിനായി ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ പോലും കളിച്ചിട്ടില്ലാത്ത മലപ്പുറം സ്വദേശിയായ വിഘ്നേഷിനെ മുംബൈ ടീമിലെടുത്തത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ തന്‍റെ ആദ്യ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി ചൈനാമാന്‍ സ്പിന്നറായ വിഘ്നേഷ് താരമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക