Asianet News MalayalamAsianet News Malayalam

IPL 2022 : അങ്ങനെ ആര്‍സിബി പ്ലേ ഓഫില്‍! മുംബൈ ഇന്ത്യന്‍സിന് ജയം, ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്ത്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങളുടെയും ആരാധകരുടേയും ഉറക്കമളച്ചുള്ള കാത്തിരിപ്പ് വെറുതെയായില്ല

Mumbai Indians won by 5 wkts vs Delhi Capitals RCB qualified for IPL 2022 playoffs
Author
Mumbai, First Published May 21, 2022, 11:27 PM IST

മുംബൈ: ഇത് ആര്‍സിബിക്ക്(RCB) പുഞ്ചിരിയുടെ രാത്രി, ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ(Delhi Capitals) പ്ലേ ഓഫ് പ്രതീക്ഷകള്‍ തച്ചുതകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന്(Mumbai Indians) ജയത്തോടെ മടക്കം. നിര്‍ണായക മത്സരത്തില്‍ മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചതോടെ ഡല്‍ഹിയെ മറികടന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) പ്ലേ ഓഫിലെത്തി. 160 റണ്‍സ് വിജയലക്ഷ്യം മുംബൈ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ സ്വന്തമാക്കുകയായിരുന്നു. 

ബ്രേവ് ബ്രെവിസ്

മറുപടി ബാറ്റിംഗില്‍ നായകന്‍ രോഹിത് ശര്‍മ്മയെ തുടക്കത്തിലെ നഷ്‌ടമായെങ്കിലും മുംബൈ പതറിയില്ല. നോര്‍ക്യ മുംബൈ ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ ഹിറ്റ്‌മാനെ ഠാക്കൂറിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. 13 പന്തില്‍ രണ്ട് റണ്‍സ് മാത്രമേ രോഹിത് നേടിയുള്ളൂ. എന്നാല്‍ ഇഷാന്‍ കിഷനും ഡെവാള്‍ഡ് ബ്രെവിസും ചേര്‍ന്ന് കരകയറ്റി. 12-ാം ഓവറില്‍ കുല്‍ദീപിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ഇഷാന്‍(35 പന്തില്‍ 48) വാര്‍ണറുടെ കൈകളിലൊതുങ്ങി. ഒരു പന്തിന്‍റെ ഇടവേളയില്‍ ബ്രെവിസിനെ റിഷഭ് പന്ത് നിലത്തിട്ടു. ബ്രവിസാവട്ടെ(33 പന്തില്‍ 37) 15-ാം ഓവറില്‍ ഠാക്കൂറിന്‍റെ പന്തില്‍ ബൗള്‍ഡായി. 

ടിം ഡേവിഡ് തീ

നാലാം വിക്കറ്റില്‍ ഒന്നിച്ച തിലക് വര്‍മ്മയും ടിം ഡേവിഡും അടിതുടങ്ങിയതോടെ മുംബൈ ഇതേ ഓവറില്‍ 100 കടന്നു. അവസാന മൂന്ന് ഓവറില്‍ 29 റണ്‍സായി മുംബൈയുടെ വിജയലക്ഷ്യം. ഠാക്കൂറിന്‍റെ 18-ാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സറുമായി കളംനിറഞ്ഞ ഡേവിഡ്(11 പന്തില്‍ 34) പുറത്തായത് മുംബൈയെ ബാധിച്ചില്ല.  അവസാന 12 പന്തില്‍ 14 റണ്‍സ് മാത്രമായി വിജയലക്ഷ്യം. അഞ്ചാം പന്തില്‍ തിലക് വര്‍മ്മ(17 പന്തില്‍ 21) പുറത്താകുമ്പോള്‍ അഞ്ച് റണ്‍സ് മാത്രമാണ് മുംബൈക്ക് വേണ്ടിയിരുന്നത്. അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയുമായി രമണ്‍ദീപ്(13*) ജയമുറപ്പിച്ചു. ഡാനിയേല്‍ സാംസ്(0*) കൂടെ പുറത്താകാതെ നിന്നു. 

ബും ബും ബുമ്ര

ആവേശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ബൗളിംഗിനെ ജസ്‌പ്രീത് ബുമ്ര മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റിന് 159 റണ്‍സിലൊതുങ്ങി. പ്ലേ ഓഫിലെത്താന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം റോവ്‌മാന്‍ പവലും(34 പന്തില്‍ 43), നായകന്‍ റിഷഭ് പന്തും(33 പന്തില്‍ 39) ചേര്‍ന്നാണ് ഡല്‍ഹിയെ കരകയറ്റിയത്. അവസാന ഓവറുകളില്‍ 10 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്ന അക്‌സര്‍ പട്ടേലും നിര്‍ണായകമായി. ജസ്‌പ്രീത് ബുമ്ര മൂന്നും രമണ്‍ദീപ് സിംഗ് രണ്ടും ഡാനിയേല്‍ സാംസും മായങ്ക് അഗര്‍വാളും ഓരോ വിക്കറ്റ് നേടി. 

ഇനി പ്ലേ ഓഫ് ആവേശം

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഇനി പ്ലേ ഓഫ് ആവേശം. ആദ്യത്തെ ക്വാളിഫയറില്‍ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഗുജറാത്ത് ടൈറ്റന്‍സും രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയൽസും ഏറ്റുമുട്ടും. കൊൽക്കത്തയിൽ ചൊവ്വാഴ്ചയാണ് മത്സരം. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തും. തോൽക്കുന്ന ടീം എലിമിനേറ്ററിലെ വിജയിയെ രണ്ടാം ക്വാളിഫയറില്‍ നേരിടും. ബുധനാഴ്ചത്തെ എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കായ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സും നാലാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ഈ മാസം 29നാണ് ഫൈനല്‍. 

IPL 2022 : കളത്തില്‍ മുംബൈയും ഡല്‍ഹിയും, ആകാംക്ഷ മൊത്തം ആര്‍സിബി ക്യാമ്പില്‍; ചിത്രങ്ങള്‍ വൈറല്‍

Follow Us:
Download App:
  • android
  • ios