വാശിയേറിയ ലേലം വിളിക്കൊടുവില്‍ 9.2 കോടി രൂപക്കായിരുന്നു മുസ്തഫിസുറിനെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.

ലഹോർ: ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതിന് പിന്നാലെ ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാൻ പാകിസ്ഥാൻ സൂപ്പർ ലീഗിലേക്ക്. പിഎസ്എല്ലിന്‍റെ 11-ാം സീസണിൽ ലഹോർ ഖലന്ദേഴ്സിന് വേണ്ടിയാണ് മുസ്തഫിസുര്‍ പന്തെറിയുക. ഐപിഎല്ലും പിഎസ്എല്ലും തമ്മിലുള്ള സാമ്പത്തിക അന്തരം വ്യക്തമാക്കുന്നതാണ് മുസ്തഫിസുറിന്‍റെ പിഎസ്എല്‍ കരാർ.

വാശിയേറിയ ലേലം വിളിക്കൊടുവില്‍ 9.2 കോടി രൂപക്കായിരുന്നു മുസ്തഫിസുറിനെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. എന്നാല്‍ പിഎസ്എൽ കരാർ അനുസരിച്ച് 6.44 കോടി പാകിസ്ഥാനി രൂപ (ഏകദേശം 2 കോടി ഇന്ത്യൻ രൂപ) ആണ് മുസ്തഫിസുറിന്‍റെ പ്രതിഫലം.ഐപിഎല്ലിൽ ലഭിക്കുമായിരുന്ന തുകയേക്കാൾ 77 ശതമാനത്തോളം കുറഞ്ഞ പ്രതിഫലത്തിനാണ് താരം പാകിസ്ഥാനിൽ കളിക്കുന്നത്.

ബിസിസിഐ നിര്‍ദേശപ്രകാരമായിരുന്നു മുസ്തഫിസുറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങളില്‍ ഇന്ത്യയില്‍ കനത്ത പ്രതിഷധമുയര്‍ന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് താരമായ മുസ്തഫിസുറിനെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് വിവിധ ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു ബിസിസിഐ മുസ്തഫിസുറിനെ ഒഴിവാക്കാന്‍ കൊല്‍ക്കത്തയോട് നിര്‍ദേശിച്ചത്. എന്നാല്‍ മുസ്തഫിസുറിനെ ഒഴിവാക്കിയത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും വിള്ളലുകളുണ്ടാക്കി.

മുസ്തഫിസുറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ടി20 ലോകകപ്പില്‍ കളിക്കാന്‍ ബംഗ്ലാദേശ് വിസമ്മതിച്ചു. പിന്നാലെ ബംഗ്ലാദേശിന് പകരം സ്കോട്‌ലന്‍ഡിനെ ഐസിസി ലോകകപ്പില്‍ ഉള്‍പ്പെടുത്തി.ബംഗ്ലാദേശിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്നും പ്രഖ്യാപിച്ചു.

മുസ്തഫിസുറിന്റെ വരവിനെ ലഹോർ ഖലന്ദേഴ്സ് ഉടമ സമീൻ റാണ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. ഒരിക്കൽ ഖലന്ദേഴ്സ് ആയാൽ എപ്പോഴും ഖലന്ദേഴ്സ് തന്നെയാണ്. മുസ്തഫിസുർ ഞങ്ങൾക്ക് വെറുമൊരു കളിക്കാരനല്ല, ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമാണെന്നായിരുന്നു സമീൻ റാണ പറഞ്ഞത്. 2016-ലും 2018-ലും മുസ്തഫിസുര്‍ ലഹോറിനായി കളിച്ചിട്ടുണ്ട്. ഡെത്ത് ഓവറുകളിലെ കൃത്യതയും കട്ടറുകളും കൊണ്ട് ടീമിന് വലിയ മുതൽക്കൂട്ടാകാൻ മുസ്തഫിസുറിന് കഴിയുമെന്നാൻ് ടീം മാനേജ്‌മെന്റിന്‍റെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക