Asianet News MalayalamAsianet News Malayalam

ബോള്‍ട്ടും സൗത്തിയും നാശംവിതച്ചു, രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി; പരമ്പര നഷ്ടം

90-6 എന്ന നിലയില്‍ മൂന്നാം ദിനം ഇന്ത്യക്ക് 34 റണ്‍സ് മാത്രമേ കൂട്ടിചേര്‍ക്കാനായുള്ളു

new zealand beat india in christchurch test
Author
Christchurch, First Published Mar 2, 2020, 8:16 AM IST

ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി. ഏഴ് റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യ 124 റണ്‍സിന് ബാറ്റ് താഴ്ത്തി. 132 റണ്‍സ് വിജയലക്ഷ്യം കിവികള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയും ന്യൂസിലാന്‍ഡിന് സ്വന്തമായി.

90-6 എന്ന നിലയില്‍ മൂന്നാം ദിനം ഇന്ത്യക്ക് 34 റണ്‍സ് മാത്രമേ കൂട്ടിചേര്‍ക്കാനായുള്ളു. ഹനുമ വിഹാരി (9) ഋഷഭ് പന്ത് (4) മുഹമ്മദ് ഷമി(5) ജസ്പ്രീത് ബുംറ(4) എന്നിവര്‍ വേഗം വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോള്‍ രവീന്ദ്രജഡേജ (16) മാത്രമാണ് പൊരുതാന്‍ ശ്രമിച്ചത്. ട്രെന്‍ഡ് ബോള്‍ട്ട് നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ സൗത്തി 3 വിക്കറ്റുകളുമായി മികച്ച പിന്തുണ നല്‍കി.

ഒന്നാം ഇന്നിംഗ്സില്‍ 7 റണ്‍സിന്‍റെ ലീഡ് നേടിയിട്ടും രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പൃഥ്വി ഷാ(14), മായങ്ക് അഗര്‍വാള്‍(3), വിരാട് കോലി(14), അജിങ്ക്യ രഹാനെ(9), ചേതേശ്വര്‍ പൂജാര(24), ഉമേഷ് യാദവ്(1) എന്നിവരുടെ വിക്കറ്റ് 89 റണ്‍സിനിടെ ഇന്ത്യക്ക് ഇന്നലെ നഷ്‌ടമായിരുന്നു. തുടര്‍ച്ചയായ 22-ാം ഇന്നിംഗ്‌സിലാണ് സെഞ്ചുറിയില്ലാതെ കോലിയുടെ മടക്കം. ഉമേഷിനെ നൈറ്റ് വാച്ച്‌മാനായി ഇറക്കിയ തന്ത്രവും പാളിയിരുന്നു.

132 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കിവികള്‍ക്കുവേണ്ടി ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയതോടെ ഇന്ത്യയുടെ പരാജയം ഉറപ്പായി. ഓപ്പണര്‍ ലതാം 52 റണ്‍സ് നേടി പുറത്തായപ്പോള്‍ ബ്ലന്‍ഡല്‍ 55 റണ്‍സ് നേടി. നായകന്‍ വില്യംസണിന്‍റെ വിക്കറ്റും ന്യൂസിലാന്‍ഡിന് നഷ്ടമായി. ടെയ്ലറും നിക്കോള്‍സും ചേര്‍ന്ന് കിവികളെ വിജയത്തിലേക്കും പരമ്പര നേട്ടത്തിലേക്കും പരിക്കുകളില്ലാതെ എത്തിച്ചു. നേരത്തെ ആദ്യ ടെസ്റ്റിലും ഇന്ത്യയെ ന്യൂസിലാന്‍ഡ് പരാജയപ്പെടുത്തിയിരുന്നു. വിരാട് കോലി നായകനായ ശേഷം ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണപരാജയം ഏറ്റുവാങ്ങുന്നത് ഇതാദ്യമായാണ്. നേരത്തെ ഏകദിനത്തിലും ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയിരുന്നു. അതേസമയം ടി ട്വന്‍റിയില്‍ ഇന്ത്യ സമ്പൂര്‍ണ വിജയം സ്വന്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios