Asianet News MalayalamAsianet News Malayalam

റായ്‌പൂര്‍ ഏകദിനം: കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ;109 റണ്‍സ് വിജയലക്ഷ്യം

കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ബ്രേസ്‌വെല്ലിലും തകര്‍പ്പനടിക്കാരനായ ഗ്ലെന്‍ ഫിലിപ്സും ചേര്‍ന്ന് ന്യൂസിലന്‍ഡിന് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് ന്യൂസിലന്‍ഡിനെ 50 കടത്തിയെങ്കിലും ഷമിയെ തിരിച്ചുവിളിക്കാനുള്ള രോഹിത് ശര്‍മയുടെ തീരുമാനം വീണ്ടും കിവീസിന്‍റെ താളം തെറ്റിച്ചു.

New Zealand  set 109 target for India in 2nd ODI
Author
First Published Jan 21, 2023, 4:19 PM IST

റായ്‌പൂര്‍: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 109 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടമായി ബാറ്റിംനിറങ്ങിയ ന്യൂസിലന്‍ഡ് 34.3 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി.36 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. മൂന്ന് പേര്‍ മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

തലതകര്‍ത്ത് ഷമി, നടുവൊടിച്ച് ഹാര്‍ദ്ദിക്

ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗിലും പിന്തുടര്‍ന്നപ്പോള്‍ മത്സരത്തില്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ ബൗളിംഗിന് മേല്‍ ആധിപത്യം നേടാന്‍ കിവീസിനായില്ല. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഫിന്‍ അലനെ(0) ബൗള്‍ഡാക്കി ഷമിയാണ് കിവീസിന്‍റെ തകര്‍ച്ച തുടങ്ങിവെച്ചത്. അക്കൗണ്ട് തുറക്കും മുമ്പെ വിക്കറ്റ് നഷ്ടമായ കിവീസ് പിന്നീട് പിടിച്ചു നില്‍ക്കാന്‍ നോക്കിയതോടെ സ്കോര്‍ ബോര്‍ഡിന് അനക്കമുണ്ടായില്ല.16 പന്തില്‍ ഏഴ് റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയും 20 പന്തില്‍ രണ്ട് റണ്‍സെടുത്ത ഹെന്‍റി നിക്കോള്‍സും മുട്ടി നിന്നെങ്കിലും റണ്‍സ് വഴങ്ങാതെ ഇന്ത്യന്‍ പേസര്‍മാര്‍ സമ്മര്‍ദ്ദം കൂട്ടി. ഒടുവില്‍ ആറാം ഓവറില്‍ ഹെന്‍റി നിക്കോള്‍സിനെ(2) വീഴ്ത്തി സിറാജ് കിവീസിന്‍റെ പ്രതിരോധം പൊളിച്ചു.

പേസര്‍മാരുടെ പറുദീസയായി റായ്‌പൂര്‍; ഷമി, സിറാജ്, പാണ്ഡ്യ, ഷര്‍ദ്ദുല്‍ കൊടുങ്കാറ്റിനെ വാഴ്‌ത്തി ആരാധകര്‍

ഡാരില്‍ മിച്ചലിനെ(1) നിലയുറപ്പിക്കും മുമ്പെ ഷമി മടക്കിയതോടെ ടീം സ്കോര്‍ രണ്ടക്കം കടക്കും മുമ്പെ കിവീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി.പിടിച്ചു നില്‍ക്കുമെന്ന് കരുതിയ ഡെവോണ്‍ കോണ്‍വെയെ(7) മടക്കി ഹാര്‍ദ്ദിക്കും വിക്കറ്റ് വേട്ടക്കെത്തിയതോടെ കിവീസ് പകച്ചു.ക്യാപ്റ്റന്‍ ടോം ലാഥമിന്‍റെ ഊഴമായിരുന്നു പിന്നീട്. ഷര്‍ദ്ദുല്‍ ഠാക്കൂറാണ് ലാഥമിനെ(1) മടക്കിയത്. 17 പന്ത് നേരിട്ടാണ് ലാഥം ഒരു റണ്ണെടുത്ത് മടങ്ങിയത്.

കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ബ്രേസ്‌വെല്ലിലും തകര്‍പ്പനടിക്കാരനായ ഗ്ലെന്‍ ഫിലിപ്സും ചേര്‍ന്ന് ന്യൂസിലന്‍ഡിന് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് ന്യൂസിലന്‍ഡിനെ 50 കടത്തിയെങ്കിലും ഷമിയെ തിരിച്ചുവിളിക്കാനുള്ള രോഹിത് ശര്‍മയുടെ തീരുമാനം വീണ്ടും കിവീസിന്‍റെ താളം തെറ്റിച്ചു. ബ്രേസ്‌വെല്ലിനെ(22) ഷമി വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷന്‍റെ കൈകളിലെത്തിച്ചു. മിച്ചന്‍ സാന്‍റ്നറും(27) ഫിലിപ്സും ചേര്‍ന്ന് കിവീസിനെ 100 കടത്തിയെങ്കിലും സാന്‍റ്നറെ ബൗള്‍ഡാക്കി ഹാര്‍ദ്ദിക് കൂട്ടുകെട്ട് പൊളിച്ചതോടെ കിവീസ് ഇന്നിംഗ്സ് അധികം നീണ്ടില്ല. പിടിച്ചു നിന്ന ഫിലിപ്സിനെയും വാലറ്റക്കാരെയും വാഷിംഗ്ടണ്‍ സുന്ദറും കുല്‍ദീപും ചേര്‍ന്ന് മടക്കിയതോടെ കിവീസ് ഇന്നിംഗ്സ് 108 റണ്‍സില്‍ അവസാനിച്ചു. 15 റണ്‍സെടുക്കുന്നതിനിടെ ആദ്യ അഞ്ച് വിക്കറ്റ് നഷ്ടമായ കിവീസിന് അഞ്ച് റണ്‍സ് എടുക്കുന്നതിനിടെ അവസാന നാലു വിക്കറ്റുകള്‍ നഷ്ടമായി,

ഇന്ത്യക്കായി മുഹമ്മദ് ഷമി ആറോവറില്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നോവറില്‍ ഏഴ് റണ്‍സിന് രണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യ ആറോവറില്‍ 16 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.ഷര്‍ദ്ദുലും കുല്‍ദീപും സിറാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ആദ്യ മത്സരം കളിച്ച ടീമില്‍ ന്യൂസിലന്‍ഡും മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. ആദ്യ മത്സരം ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാവും. റായ്പൂരില്‍ നടക്കുന്ന ആദ്യ രാജ്യാന്തര ഏകദിന മത്സരമാണിത്.

 

Follow Us:
Download App:
  • android
  • ios