ടോസിലെ നഷ്ടം ന്യൂസിലന്‍ഡിനെ ബാറ്റിംഗില്‍ ബാധിച്ചില്ല. ഓപ്പണിംഗ് വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെയും ഫിന്‍ അലനും പതിവുപോലെ തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ ന്യൂസിലന്‍ഡ് വിക്കറ്റ് നഷ്ടമില്ലാതെ 50 കടന്നു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ അലനെ(18 പന്തില്‍ 32), നഷ്ടമായി.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ അയര്‍ലന്‍ഡിന് 186 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. കഴിഞ്ഞ മത്സരങ്ങളില്‍ മെല്ലെപ്പോക്കിന് പഴി കേട്ട വില്യംസണ്‍ 35 പന്തില്‍ 61 റണ്‍സടിച്ച് കിവീസിന്‍റെ ടോപ് സ്കോററായി. അയര്‍ലന്‍ഡിനായി ജോഷ്വാ ലിറ്റില്‍ മൂന്നും ഗാരെത് ഡെലാനി രണ്ടും വിക്കറ്റെടുത്തു.

ഫോമിലായി വില്യംസണ്‍

ടോസിലെ നഷ്ടം ന്യൂസിലന്‍ഡിനെ ബാറ്റിംഗില്‍ ബാധിച്ചില്ല. ഓപ്പണിംഗ് വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെയും ഫിന്‍ അലനും പതിവുപോലെ തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ ന്യൂസിലന്‍ഡ് വിക്കറ്റ് നഷ്ടമില്ലാതെ 50 കടന്നു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ അലനെ(18 പന്തില്‍ 32), നഷ്ടമായി. രണ്ടാം വിക്കറ്റില്‍ കെയ്ന്‍ വില്യംസണും ഡെവോണ്‍ കോണ്ഡവെയും ചേര്‍ന്ന് കിവീസിനെ 100ന് അടുത്തെത്തിച്ചു. 33 പന്തില്‍ 28 റണ്‍സെടുത്ത കോണ്‍വെയെ പന്ത്രണ്ടാം ഓവറില്‍ നഷ്ടമായശേഷം വില്യംസണ്‍ ഒറ്റക്ക് കിവീസ് സ്കോറുയര്‍ത്തി.

35 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സും പറത്തിയ വില്യംസണിന്‍റെ ഇന്നിംഗ്സാണ് കിവീസിനെ 150 കടത്തിയത്. ഗ്ലെന്‍ ഫിലിപ്സ്(9 പന്തില്‍ 17), ഡാരില്‍ മിച്ചല്‍(21 പന്തില്‍ 31) എന്നിവരും കിവീസ് സ്കോറിലേക്ക് സംഭാവന നല്‍കി. അയര്‍ലന്‍ഡിനായി ഡെലാനി നാലോവറില്‍ 30 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജോഷ്വ ലിറ്റില്‍ 22 റണ്‍സിന് 3 വിക്കറ്റെടുത്തു. സെമിയിലെത്താന്‍ കിവീസിന് ഇന്ന് വിജയം അനിവാര്യമാണ്. ഗ്രൂപ്പ് ഒന്നില്‍ നാലു കളികളില്‍ അഞ്ച് പോയന്‍റാണ് ന്യൂസിലന്‍ഡിനുള്ളത്. ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും അഞ്ച് പോയന്‍റ് വീതമുണ്ട്.