പരിക്കേറ്റ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കും പേസര്‍ അര്‍ഷ്ദീപ് സിംഗിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. നിതീഷിന് കാല്‍മുട്ടിലും അര്‍ഷ്ദീപിന് കൈയിലുമാണ് പരിക്ക്.

മുംബൈ: പരിക്കേറ്റ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ണമായും നഷ്ടമാകുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. ഇന്ത്യക്കായി രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിച്ച നിതീഷിന് കാല്‍മുട്ടിലേറ്റ പരിക്കുമൂലം അടുത്ത രണ്ട് ടെസ്റ്റിലും കളിക്കാനാവില്ലെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിതീഷിന് പുറമെ പരിശീലനത്തിനിടെ കൈക്ക് പരിക്കേറ്റ പേസര്‍ അര്‍ഷ്ദീപ് സിംഗിന് നാലാം ടെസ്റ്റില്‍ കളിക്കാനാവില്ലെന്നും ബിസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ബൗളിംഗ് പരിശീലനത്തിനിടെ ഷോട്ട് തടയാനുള്ള ശ്രമത്തിലാണ് അര്‍ഷ്ദീപിന്‍റെ ഇടം കൈയിലെ തള്ളവിരല്‍ മുറിഞ്ഞ് പരിക്കേറ്റത്. അര്‍ഷ്ദീപിന്‍റെ പരിക്ക് ബിസിസിഐ മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരികയാണെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അര്‍ഷ്ദീപിന് പരിക്കേറ്റ സാഹചര്യത്തില്‍ പകരക്കാരനായി പേസര്‍ അൻഷുല്‍ കാംബോജിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. അന്‍ഷുല്‍ കാംബോജ് മാഞ്ചസ്റ്ററില്‍ ടീമിനൊപ്പം ചേര്‍ന്നുവെന്നും ബിസിസിഐ വ്യക്തമാക്കി.

Scroll to load tweet…

അതേസമയം, പരിക്കുള്ള റിഷഭ് പന്തും പേസര്‍ ആകാശ് ദീപും മാഞ്ചസ്റ്ററില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. റിഷഭ് പന്ത് കളിച്ചാലും ബാറ്ററാറായി മാത്രമാകും കളിക്കുക എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കിൽ നാലാം ടെസ്റ്റില്‍ ധ്രുവ് ജുറെലിനെ വിക്കറ്റ് കീപ്പറായി ടീമിലുള്‍പ്പെടുത്തും.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറൽ, വാഷിംഗ്ടൺ സുന്ദർ, ഷാര്‍ദ്ദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, കുൽദീപ് യാദവ്, അൻഷുൽ കാംബോജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക