Asianet News MalayalamAsianet News Malayalam

ഐപിഎല്‍ താരലേലം; 'ചാക്കോച്ചി'യായി ഇക്കുറി ഹ്യൂ എഡ്‌മിഡ്‌സ് ഇല്ല, പകരം വനിത, പക്ഷേ മായന്തി ലാംഗർ അല്ല

2018 മുതല്‍ ഐപിഎല്‍ താരലേലം നിയന്ത്രിച്ചിരുന്നത് ഹ്യൂ എഡ്‌മിഡ്‌സായിരുന്നു, എന്നാല്‍ ഇക്കുറി ആള് മാറും! 

No Hugh Edmeades for IPL 2024 auction at Dubai Mallika Sagar may lead auction
Author
First Published Dec 5, 2023, 11:25 AM IST

മുംബൈ: ദുബായില്‍ ഡിസംബര്‍ 19ന് നടക്കുന്ന ഐപിഎല്‍ താരലേല നടപടികള്‍ നിയന്ത്രിക്കുക പതിവ് ലേലംവിളിക്കാരന്‍ ഹ്യൂ എഡ്‌മിഡ്‌സ് ആവില്ല എന്ന് റിപ്പോര്‍ട്ട്. ഈ സീസണിലെ താരലേലം നിയന്ത്രിക്കാന്‍ ഹ്യൂവിന്‍റെ സേവനം ആവശ്യമില്ലെന്ന് ബിസിസിഐ അദേഹത്തെ ഇതിനകം അറിയിച്ചതായാണ് സ്പോര്‍ട്‌സ് സ്റ്റാറിന്‍റെ റിപ്പോര്‍ട്ട്. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ താരലേലം നിയന്ത്രിച്ച മല്ലിക സാഗറാവും ഐപിഎല്‍ 2024 സീസണിന് മുന്നോടിയായുള്ള മിനി താരലേലം നിയന്ത്രിക്കാന്‍ സാധ്യത. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. പ്രോ കബഡി ലീഗ് ലേലം നിയന്ത്രിച്ചുള്ള പരിചയവും മല്ലിക സാഗറിനുണ്ട്. 

2018 മുതല്‍ ഐപിഎല്‍ താരലേലം നിയന്ത്രിച്ചിരുന്നത് ഹ്യൂ എഡ്‌മിഡ്‌സായിരുന്നു. 2022 ഫെബ്രുവരിയില്‍ ബെംഗളൂരുവില്‍ നടന്ന താരലേലത്തിന്‍റെ ആദ്യ ദിനം അദേഹം ബോധരഹിതനായി വീണത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എഡ്‌മിഡ്‌സ് കുഴഞ്ഞുവീണതിന് പിന്നാലെ അദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കിയ ബിസിസിഐ ലേലം കുറച്ചു സമയം നിര്‍ത്തിവെച്ചു. ലേലം പുനരാരംഭിച്ചപ്പോള്‍ ചാരു ശര്‍മ്മയായിരുന്നു അവതാരകന്‍റെ കുപ്പായത്തില്‍. എന്നാല്‍ അവസാനഘട്ട ലേലത്തിനായി തിരിച്ചെത്തി ഹ്യൂ വലിയ കയ്യടിവാങ്ങി. കഴിഞ്ഞ സീസണിന് മുന്നോടിയായി 2022 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന താരലേലം നിയന്ത്രിച്ചത് ഹ്യൂ എഡ്‌മിഡ്‌സായിരുന്നു. എന്നാല്‍ ഇക്കുറി അദേഹത്തെ വച്ച് പരീക്ഷണത്തിന് ബിസിസിഐ തയ്യാറല്ല. ലോകമെമ്പാടുമായി കാര്‍ ലേലങ്ങളടക്കം 2500ലേറെ പരിപാടികള്‍ നിയന്ത്രിച്ച അനുഭവത്തിന്‍റെ കരുത്തിലാണ് ഹ്യൂ എഡ്‌മിഡ്‌സ് 2018ല്‍ ഐപിഎല്‍ താരലേലം നയിക്കാനെത്തിയത്. 

ലേല മാര്‍ക്കറ്റിലെ സൂപ്പര്‍ ഓക്ഷനറാണ് ഹ്യൂ എഡ്‌മിഡ്‌സ്. ലോകമെമ്പാടുമായി 2700ലേറെ ലേലങ്ങള്‍ നടത്തിയിട്ടുള്ള എഡ്‌മിഡ്‌സ് ജെയിംസ് ബോണ്ട് സിനിമയിലെ ആസ്റ്റിന്‍ മാര്‍ട്ടിന്‍ കാറുകളുടെ ലേലത്തിലൂടെയും ശ്രദ്ധേയനാണ്. കാറുകളുടെ ലേലത്തിലാണ് പ്രധാനമായും എഡ്‌മിഡ്‌സ് മിന്നിത്തിളങ്ങിയിട്ടുള്ളത്. പ്രമുഖ ലേല സ്ഥാപനമായ ക്രിസ്റ്റിയില്‍ 38 വര്‍ഷം പ്രവര്‍ത്തിച്ചശേഷം 2016ലാണ് എഡ്‌മിഡ്‌സ് സ്വതന്ത്ര ലേലക്കാരനായത്. 2018ല്‍ ജയ‌പൂരില്‍ നടന്ന ഐപിഎല്‍ താരലേലത്തിലാണ് എഡ്‌മിഡ്‌സ് ആദ്യമായി ക്രിക്കറ്റ് ലേലക്കാരനായത്. 11 വര്‍ഷം ഐപിഎല്‍ ലേലം നിയന്ത്രിച്ച റിച്ചാര്‍ഡ് മാഡ്‌ലിക്ക് പകരക്കാരനായിട്ടായിരുന്നു ഹ്യൂ എഡ്‌മിഡ്‌സ് എത്തിയത്. മുന്‍ ജൂനിയര്‍ ഇന്‍റര്‍നാഷണല്‍ ഹോക്കി താരവും കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ സറേയുടെ ലീഗ് താരവുമായിരുന്നു എഡ്‌മിഡ്‌സ്.

Read more: 'ധോണിക്ക് അവനെ ഒരുപാട് ഇഷ്ടമാണ്'; സിഎസ്‌കെയില്‍ 'തല'യുടെ പകരക്കാരന്റെ പേര് മുന്നോട്ട് വച്ച് മുന്‍ താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios