2027 ലോകകപ്പിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇരുവരും പറഞ്ഞിട്ടുണ്ടെങ്കിലും, ബിസിസിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

മുംബൈ: വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ഏകദിന ക്രിക്കറ്റ് ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇരുവരും ടി20-ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്നാണ് വിരമിച്ചത്. 2027 ലോകകപ്പില്‍ കളിക്കാന്‍ ഇരുവരും ഇഷ്ടപ്പെടുന്നുണ്ട്. അതുവരെ തുടരണമെന്നാണ് ഇരുവരുടേയും ആഗ്രഹമെന്ന് ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇരുവരേയും വരുന്ന ഏകദിന ലോകകപ്പിലേക്ക് പരിഗണിക്കില്ലെന്നും ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പര ഇരുവരുടേയും അവസാനത്തെ മത്സരങ്ങള്‍ ആയിരിക്കുമെന്നും സംസാരമുണ്ട്.

എന്നാല്‍ ഇരുവരുടേയും കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥന്‍ പറയുന്നതിങ്ങനെ... ''തീര്‍ച്ചയായും, അവര്‍ക്ക് വിരമിക്കാന്‍ ആലോചനയുണ്ടെങ്കില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിന് മുമ്പ് ചെയ്തതുപോലെ അവര്‍ ബിസിസിഐയെ അറിയിക്കും. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത വലിയ ദൗത്യം ഫെബ്രുവരിയില്‍ നടക്കുന്ന ടി20 ലോകകപ്പും അതിനുമുമ്പുള്ള തയ്യാറെടുപ്പുകളുമാണ്. ഏഷ്യാ കപ്പ് വരാനിരിക്കുന്നു. ആ ടി20 ടൂര്‍ണമെന്റിനായി ഏറ്റവും മികച്ച ടീമിനെ അയ്ക്കുന്നതിലാണ് ശ്രദ്ധ മുഴുവനും.'' അദ്ദേഹം വ്യക്തമാക്കി.

ഇരുവരുടേയും കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പക്ഷേ, ലോകകപ്പ് ടീമില്‍ ഉള്‍പ്പെടണമെങ്കില്‍ ഇരുവരും വിജയ് ഹസാരെ ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. രണ്ട് പേരും കളിച്ച അവസാന ടൂര്‍ണമെന്റ് ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ആയിരുന്നു. ഗ്രൂപ്പ് ലീഗ് ഘട്ടത്തില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ കോലി സെഞ്ചുറി നേടിയിരുന്നു. ഫൈനലില്‍ ചേസില്‍ രോഹിത്തും അര്‍ധ സെഞ്ചുറി സ്വന്തമാക്കിയിരുന്നു. അവസാനം കളിച്ച മത്സരങ്ങളില്‍ ഫോമിലാണെങ്കില്‍ പോലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ചതിനുശേഷം ഇരുവരും മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല.

ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന കോലി പരിശീലനത്തിന് ശേഷമുള്ള ഫോട്ടോ പങ്കുവച്ചിരുന്നു. ഐപിഎല്ലിന് ശേഷം വിശ്രമത്തിലായിരുന്ന രോഹിത് അടുത്തിടെ മുംബൈയില്‍ തിരിച്ചെത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിശീലനം ആരംഭിക്കുമെന്നാണ് അറിയുന്നത്. അതിന് മുമ്പ് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരകളും ഇന്ത്യ കളിക്കും.

YouTube video player