ലണ്ടന്‍: മഹാമാരിയായ കൊവിഡ് 19 നിയന്ത്രണവിധേയമല്ലാത്ത സാഹചര്യത്തില്‍ കടുത്ത തീരുമാനങ്ങളുമായി ഇംഗ്ലീഷ് ആന്‍ഡ് വെയ്‍ല്‍സ് ക്രിക്കറ്റ് ബോർഡ്. മെയ് 28ന് മുന്‍പ് പ്രൊഫഷണല്‍ മത്സരങ്ങളൊന്നും നടത്തേണ്ട എന്ന് ബോർഡ് തീരുമാനിച്ചു. 

Read more: ഐപിഎല്‍ ഉപേക്ഷിക്കുമോ ഇല്ലയോ; ഭാവി ചൊവ്വാഴ്‍ച അറിയാം

2020 സീസണ്‍ ആരംഭിക്കാന്‍ ഏഴ് ആഴ്ചത്തെ സാവകാശമാണ് ബോർഡ് കൈക്കൊണ്ടിരിക്കുന്നത്. കൌണ്ടി ക്ലബുകളും പ്രൊഫഷണല്‍ ക്രിക്കറ്റേർസ് അസോസിയേഷനുമായി(പിസിഎ) ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. ജൂണിലോ ജൂലൈയിലോ ഓഗസ്റ്റിലോ സീസണ്‍ ആരംഭിക്കാനുള്ള ആലോചനകള്‍ നടക്കുന്നതായി ബോർഡ് വ്യക്തമാക്കി. ഏപ്രില്‍ 12നായിരുന്നു കൌണ്ടി ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കേണ്ടിയിരുന്നത്. 

ജൂണില്‍ വെസ്റ്റ് ഇന്‍ഡിസിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയും ടി20 ബ്ലാസ്റ്റും ഇന്ത്യന്‍ വനിതകള്‍ക്ക് എതിരായ പരമ്പരയും നടക്കേണ്ടതുണ്ട്. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ സീസണ്‍ ആരംഭിക്കുന്നതും മത്സരങ്ങള്‍ വെട്ടിച്ചുരുക്കുന്നതും പരിഗണനയിലുണ്ട്. 

Read more: മുന്‍ ക്രിക്കറ്റ് താരത്തിന് കൊവിഡ് 19 സ്ഥിരീകരണം

ലോകത്ത് എല്ലാ അന്താരാഷ്‍ട്ര മത്സരങ്ങളും ഐപിഎല്‍ അടക്കമുള്ള ലീഗുകളും നിർത്തിവച്ചിരിക്കുകയാണ്. ഏപ്രില്‍ 15 വരെയാണ് ഐപിഎല്‍ മാറ്റിവച്ചിരിക്കുന്നത്. ഇംഗ്ലണ്ടിന്‍റെ ശ്രീലങ്കന്‍ പര്യടനവും റദ്ദാക്കിയവയിലുണ്ട്. ഇന്ത്യ-ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരകളും ഉപേക്ഷിച്ചിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക