വിസ്ഡന്‍ പ്രഖ്യാപിച്ച 21-ാം നൂറ്റാണ്ടിലെ ലോക ടെസ്റ്റ് ഇലവനില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രം. സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോലിയും ഇടംപിടിച്ചില്ല.
ലണ്ടന്‍: സര്‍പ്രൈസ് ചോയ്സുകളുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് വിസ്ഡന്‍. ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രം ഇടം പിടിച്ച ലോക ടെസ്റ്റ് ഇലവനില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോലിയും ഇടം നേടിയിട്ടില്ലെന്നത് ശ്രദ്ധേയമായി. ഓസ്ട്രേലിയയില്‍ നിന്ന് അഞ്ച് താരങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്ന് നാലു താരങ്ങളും ഇടം നേടിയ ലോക ടെസ്റ്റ് ഇലവനില്‍ ഇംഗ്ലണ്ടില്‍ നിന്ന് ഒരു താരം പോലുമില്ലെന്നതും ശ്രദ്ധേയമാണ്. ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ഈ നൂറ്റാണ്ടിലെ ടെസ്റ്റ് ഇലവനില്‍ ഇടം നല്‍കാതിരുന്നത് ഇംഗ്ലീഷ് ആരാധകരെപ്പോലും അമ്പരപ്പിച്ചു.
2000 ജനുവരി ഒന്നുമുതലുള്ള കളിക്കാരുടെ പ്രകടനം മാത്രമാണ് ലോക ടെസ്റ്റ് ഇലവനെ പ്രഖ്യാപിക്കാന്‍ വിസ്ഡന്‍ കണക്കിലെടുത്തത്. വിസ്ഡന്‍ ഡോട്ട് കോം മാനേജിംഗ് എഡിറ്റര്‍ ബെന്‍ ഗാര്‍ഡ്നര്‍, വിസ്ഡന്‍ മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ഫില്‍ വാക്കര്‍, പോഡ്കാസ്റ്റ് ഹോസ്റ്റ് യാഷ് റാണ എന്നിവര്‍ ചേര്‍ന്നാണ് 21-ാം നൂറ്റാണ്ടിലെ ലോക ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ചത്.
ഇന്ത്യയില്‍ നിന്ന് 2 താരങ്ങള്‍ മാത്രം
ലോക ടെസ്റ്റ് ഇലവന്‍റെ ഓപ്പണറായി എത്തുന്നത് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗാണ്. അലിസ്റ്റര്‍ കുക്ക്, മാത്യു ഹെയ്ഡന്‍ എന്നിവരെ പിന്തള്ളിയാണ് സെവാഗ് ഓപ്പണറായി എത്തിയത്. ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്താണ് സെവാഗിന്‍റെ സഹ ഓപ്പണര്‍. മൂന്നാം നമ്പറില്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് എത്തുമ്പോള്‍ സച്ചിനെയും വരാട് കോലിയെയും ജോ റൂട്ടിനെയുമെല്ലാം പിന്തള്ളി നാലാം നമ്പറില്‍ ഇറങ്ങുന്നത് ദക്ഷിണാഫ്രിക്കയുടെ ഓള്‍ റൗണ്ട് ഇതിഹാസം ജാക് കാലിസാണ്.
അഞ്ചാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സ് എത്തുമ്പോള്‍ വിക്കറ്റ് കീപ്പറായി എത്തുന്നത് ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റാണ്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണ്‍ ടീമിലെത്തിയപ്പോൾ പേസര്‍മാരായി ടീമിലെത്തിയത് ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിനും ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സും ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയുമാണ്.
വിസ്ഡന്‍ തെരഞ്ഞെടുത്ത 21-ാം നൂറ്റാണ്ടിലെ ലോക ടെസ്റ്റ് ഇലവന്‍: വീരേന്ദര്‍ സെവാഗ്, ഗ്രെയിം സ്മിത്ത്, റിക്കി പോണ്ടിംഗ്, ജാക് കാലിസ്, എ ബി ഡിവില്ലിയേഴ്സ്, ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍, പാറ്റ് കമിന്‍സ്, ഡെയ്ല്‍ സ്റ്റെയ്ൻ, ജസ്പ്രീത് ബുമ്ര.


