ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാനാവാത്ത രവി ബിഷ്‌ണോയി, റിയാന്‍ പരാഗ് എന്നിവര്‍ക്ക് അമേരിക്കയ്ക്കും നമീബിയയ്ക്കുമെതിരായ സന്നാഹ മത്സരത്തിനുള്ള ഇന്ത്യ എ ടീമില്‍ അവസരം ലഭിച്ചു. 

നവി മുംബൈ: ഇന്ത്യയുടെ ടി20ല ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്ന പ്രമുഖ താരങ്ങള്‍ക്ക് ലോകകപ്പ് സന്നാഹ മത്സരം കളിക്കാന്‍ അവസരം. ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പര കളിച്ച രവി ബിഷ്‌ണോയി, യുവതാരം റിയാന്‍ പരാഗ് എന്നിവരെയാണ് നാളെ അമേരിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനുള്ള ഇന്ത്യയുടെ എ ടീമില്‍ ഉള്‍പ്പെടുത്തിയത്. ബിഷ്‌ണോയി ന്യൂസിലന്‍ഡിനെതിരെ രണ്ട് മത്സരങ്ങള്‍ കളിച്ചിരുന്നു. മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പരാഗിനോട് അടുത്തിടെ ബിസിസിഐ കായികക്ഷമത പരിശോധനയ്ക്ക് വിധേയനാകാന്‍ പറഞ്ഞിരുന്നു.

ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പര കളിച്ച താരങ്ങളാരും തന്നെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ടീമിനൊപ്പമുണ്ടായിരുന്ന ശ്രേയസ് അയ്യരെ എ ടീമിലേക്ക് പരിഗണിച്ചില്ല. ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ശ്രേയസ് ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ചിലവപ്പോള്‍ വിശ്രമം നല്‍കിയതുമാവാം. അതേസമയം, ഏകദിന ടീമില്‍ ഉണ്ടായിരുന്ന ആയുഷ് ബദോനി ടീമിലുണ്ട്. പേസര്‍ ഖലീല്‍ അഹമ്മദ് ടീമിലുണ്ട്. വിക്കറ്റ് കീപ്പര്‍മാരായ നാരായണ്‍ ജഗദീഷന്‍, ഉര്‍വില്‍ പട്ടേല്‍ എന്നിവരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവ പേസര്‍ മായങ്ക് യാദവും ടീമില്‍ ഉള്‍പ്പെട്ടു. ഈ മത്സരത്തിന് ശേഷം ഫെബ്രുവരി ആറിന് നമീബിയക്കെതിരേയും ഈ ടീം കളിക്കും.

അമേരിക്ക, നമീബിയ എന്നിവര്‍ക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിനുള്ള ഇന്ത്യ എ ടീം: ഖലീര്‍ അഹമ്മദ്, നാരായണ്‍ ജഗദീഷന്‍, റിയാന്‍ പരാഗ്, ഉര്‍വില്‍ പട്ടേല്‍, അഷുതോഷ് ശര്‍മ, ആയുഷ് ബദോനി, മാനവ് സുതര്‍, രവി ബിഷ്‌ണോയി, പ്രിയാന്‍ഷ് ആര്യ, ഗുര്‍ജന്‍പ്രീത് സിംഗ്, വിപ്രജ് നിഗം, മായങ്ക് യാദവ്, അശോക് ശര്‍മ, നമന്‍ ധിര്‍.

അടുത്തിടെ, റിയാന്‍ പരാഗിനെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരം പരാഗിനെ ടീമിലെത്തിക്കുമന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ടീമില്‍ മാറ്റം വരുത്താനുള്ള സമയം ഇന്നലെ അവസാനിച്ചിരിക്കെ വാഷിംഗ്ടണ്‍ ടീമിലുണ്ടാകുമെന്ന് ഉറപ്പായി. ഇടം കൈയന്‍ ബാറ്ററല്ലെങ്കിലും വലം കൈയന്‍ സ്പിന്നറും വെടിക്കെട്ട് ബാറ്ററുമായ റിയാന്‍ പരാഗ് വാഷിംഗ്ടണ്‍ സുന്ദറിന്റെ ഏറ്റവും അടുത്തു നില്‍ക്കുന്ന താരമാണ്.

YouTube video player