രണ്ടാം ഓവറില്‍ യാഷ് ദയാല്‍ പ്രിയാന്‍ഷ് ആര്യയെ മടക്കിയതോടെയായിരുന്നു പഞ്ചാബിന്‍റെ വീഴ്ചയുടെ തുടക്കം. പ്രഭ്‌സിമ്രാനും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് സ്കോര്‍ 27ല്‍ എത്തിച്ചെങ്കിലും ഭുവനേശ്വര്‍ കുമാര്‍ പ്രഭ്‌സിമ്രാനെ വീഴ്ത്തിയതോടെ പഞ്ചാബിന്‍റെ കൂട്ടത്തകര്‍ച്ച തുടങ്ങി.
ചണ്ഡീഗഡ്: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനല്‍ ടിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍റെ റോള്‍ ഏറ്റെടുത്ത് കളം നിറഞ്ഞ് വിരാട് കോലി. രജത് പാട്ടീദാറാണ് ആര്‍സിബി നായകനെങ്കിലും ഇന്നലെ ഫീൽഡ് സെറ്റ് ചെയ്യുന്നതിലും ബൗളര്‍മാര്‍ക്ക് വേണ്ട നിര്‍ദേശം കൊടുക്കുന്നതിനുമെല്ലാം മുന്നിട്ടിറങ്ങിയത് വിരാട് കോലിയായിരുന്നു.
പഞ്ചാബിന്‍റെ ഓരോ താരം ക്രീസിലെത്തുമ്പോഴും എങ്ങനെ പന്തെറിയണമെന്ന് ബൗളര്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കിയും അതിനനുസരിച്ചുള്ള ഫീല്‍ഡ് സെറ്റ് ചെയ്തും കോലി ഇന്നലെ ഗ്രൗണ്ടില്‍ അക്ഷരാര്‍ത്ഥത്തില്‍ കിംഗ് മോഡില്‍ ആയി. ബൗളര്‍മാര്‍ക്ക് തുടക്കത്തില്‍ ബൗണ്‍സും സ്വിംഗും ലഭിച്ച പിച്ചില്‍ പഞ്ചാബിന്‍റെ ആക്രണമോത്സുകത തിരിച്ചടിച്ചപ്പോള്‍ 20 ഓവര്‍ തികച്ച് ക്രീസില്‍ നില്‍ക്കാന്‍ അവര്‍ക്കായിരുന്നില്ല. 14.1 ഓവറിലാണ് പഞ്ചാബ് പുറത്തായത്.
രണ്ടാം ഓവറില്‍ യാഷ് ദയാല്‍ പ്രിയാന്‍ഷ് ആര്യയെ മടക്കിയതോടെയായിരുന്നു പഞ്ചാബിന്‍റെ വീഴ്ചയുടെ തുടക്കം. പ്രഭ്‌സിമ്രാനും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് സ്കോര്‍ 27ല്‍ എത്തിച്ചെങ്കിലും ഭുവനേശ്വര്‍ കുമാര്‍ പ്രഭ്‌സിമ്രാനെ വീഴ്ത്തിയതോടെ പഞ്ചാബിന്‍റെ കൂട്ടത്തകര്‍ച്ച തുടങ്ങി.
പിന്നാലെ ശ്രേയസ് അയ്യരെയും ജോഷ് ഇംഗ്ലിസിനെയും വീഴ്ത്തിയ ജോഷ് ഹേസല്‍വുഡിന്‍റെ ഇരട്ടപ്രഹരം. നെഹാല്‍ വധേരയെ യാഷ് ദയാല്‍ മടക്കിയതോടെ 50-5ലേക്ക് പഞ്ചാബ് കൂപ്പുകുത്തി. പിന്നീട് സുയാഷ് ശര്‍മ പന്തെറിയാനെത്തിയപ്പോള്‍ കോലിയുടെ ഇടപെടല്‍. ഒടുവില്‍ ശശാങ്ക് സിംഗിനെയും മുഷീര്‍ ഖാനെയും സുയാഷ് ഒരോവറില്‍ മടക്കി. പിന്നാലെ സ്റ്റോയ്നിനിസിനെ കൂടി വീഴ്ത്തി സുയാഷ് പഞ്ചാബിന്‍റെ നടുവൊടിച്ചു. ബാറ്റിംഗില്‍ ഫോമിലാവാഞ്ഞത് മാത്രമായിരുന്നു മത്സരത്തില്‍ കോലിക്ക് തിരിച്ചടിയായത്. ഒരിക്കല്‍ കൂടി ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തിലെ ബലഹീനത തുറന്നുകാട്ടപ്പെട്ട പന്തില്‍ കോലി ജമൈസണിന്‍റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ജോഷ് ഇംഗ്ലിസിന് പിടികൊടുത്ത് മടങ്ങി. 12 പന്തില്‍ 12 റണ്‍സായിരുന്നു കോലിയുടെ നേട്ടം.


