ക്വാളിയഫയര്‍ പോലെ നിര്‍ണായകമായൊരു മത്സരത്തില്‍ മുഷീറിന് ഇംപാക്ട് സബ്ബായി അരങ്ങേറാന്‍ അവസരം നല്‍കിയതിലുള്ള അമ്പരപ്പാണ് വിരാട് കോലി പ്രകടിപ്പിക്കുന്നതെന്ന് മാത്യു ഹെയ്ഡന്‍ പറഞ്ഞു.

ചണ്ഡീഗഡ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്വാളിഫയര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സിനായി ഇംപാക്ട് സബ്ബായി ഇറങ്ങിയ മുഷീര്‍ ഖാനെ കളിയാക്കി വിരാട് കോലി. 60 റണ്‍സെടുക്കുന്നതിനിടെ പഞ്ചാബിന്‍റെ ആറാം വിക്കറ്റ് നഷ്ടമായതോടെയായിരുന്നു സീസണിലാദ്യമായി മുഷീര്‍ ഖാനെ പഞ്ചാബ് കിംഗ്സ് ഇംപാക്ട് സബ്ബായി ഗ്രൗണ്ടിലിറക്കിയത്. 

മുഷീര്‍ ഖാന്‍ ക്രീസിലെത്തി ബാറ്റിംഗിനായി ഗാര്‍ഡ് എടുക്കുന്നതിനിടെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോലി മുഷീര്‍ ഖാനെ നോക്കി ഇവനൊക്കെ ആരാണെന്ന അര്‍ത്ഥത്തില്‍ കൈകള്‍ കൊണ്ട് ആംഗ്യം കാട്ടുന്നതും സംസാരിക്കുന്നതും കമന്‍റേറ്റര്‍മാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ക്വാളിയഫയര്‍ പോലെ നിര്‍ണായകമായൊരു മത്സരത്തില്‍ മുഷീറിന് ഇംപാക്ട് സബ്ബായി അരങ്ങേറാന്‍ അവസരം നല്‍കിയതിലുള്ള അമ്പരപ്പാണ് വിരാട് കോലി പ്രകടിപ്പിക്കുന്നതെന്നും ആരാണിവന്‍ എന്നാണ് അദ്ദേഹം ചോദിക്കുന്നതെന്നും കമന്‍ററി ബോക്സിലുണ്ടായിരുന്ന മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡൻ പറഞ്ഞു. 

Scroll to load tweet…

എന്നാല്‍ ഇതുകേട്ട സഹ കമന്‍റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞത്, മുഷീര്‍ കോലിക്ക് നേരെ തിരിഞ്ഞുനിന്ന് ഇപ്പോള്‍ പറയേണ്ടത് ഇതാണ്, നിങ്ങള്‍ക്ക് എന്‍റെ സഹോദരനെ അറിയാമായിരിക്കും, ഇന്ത്യക്കായി കളിച്ച് 150 റണ്‍സടിച്ചിട്ടുണ്ട് എന്നാണ്. മുഷീറിന്‍റെ സഹോദരനായ സര്‍ഫറാസ് ഖാനെക്കുറിച്ചായിരുന്നു ഭോഗ്‌ലെയുടെ പരാമര്‍ശം.

പഞ്ചാബിനായി ഇംപാക്ട് സബ്ബായി ഇറങ്ങിയ മുഷീർ ഖാന് പക്ഷെ അരങ്ങേറ്റ മത്സരത്തില്‍ യാതൊരു ഇംപാക്ടും ഉണ്ടാക്കാനാവാഞ്ഞത് നിരാശയായി. മൂന്ന് പന്ത് നേരിട്ട മുഷീര്‍ സുയാഷ് ശര്‍മയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി അക്കൗണ്ട് തുറക്കാതെ മടങ്ങി. സുയാഷിന്‍റെ പന്തില്‍ സ്വീപ്പിന് ശ്രമിച്ച മുഷീര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ റിവ്യു എടുത്തെങ്കിലും ഔട്ട് വിധിച്ച അമ്പയറുടെ തീരുമാനം ശരിവെക്കുകയായിരുന്നു. 

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക