ലോകകപ്പില്‍ സ്വന്തം മണ്ണില്‍ ഇന്ത്യ ഇറങ്ങുക ഫേവറൈറ്റുകളായിട്ടായിരിക്കും എന്നും ഗ്രെഗ് ചാപ്പല്‍

മുംബൈ: 2019 ഏകദിന ലോകകപ്പില്‍ ഹിറ്റ്മാന്‍ രോഹിത് ശർമ്മയായിരുന്നു ടീം ഇന്ത്യയുടെയും ടൂർണമെന്‍റിലേയും റണ്‍വേട്ടക്കാരന്‍. ഇംഗ്ലണ്ടില്‍ നടന്ന ടൂർണമെന്‍റില്‍ 9 ഇന്നിംഗ്സുകളില്‍ 5 സെഞ്ചുറികള്‍ സഹിതം 81 ശരാശരിയില്‍ 648 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചുകൂട്ടിയത്. 140 ആയിരുന്നു ഉയർന്ന വ്യക്തിഗത സ്കോർ. വീണ്ടുമൊരു ലോകകപ്പ് കൂടി വരുമ്പോള്‍ ഇത്തവണ ആരായിരിക്കും ഇന്ത്യന്‍ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുക. ഇന്ത്യന്‍ മുന്‍ പരിശീലകനായ ഗ്രെഗ് ചാപ്പല്‍ പറയുന്നത് കിംഗ് കോലിയുടെ പേരാണ്. 

പ്രതീക്ഷ കോലിയിലും ബുമ്രയിലും

'ലോകകപ്പില്‍ സ്വന്തം മണ്ണില്‍ ഇന്ത്യ ഇറങ്ങുക ഫേവറൈറ്റുകളായിട്ടായിരിക്കും. രോഹിത് ശർമ്മയ്ക്കും രാഹുല്‍ ദ്രാവിഡിനും കീഴില്‍ മികച്ച ടീമാണ് ഇന്ത്യ. ഇതിനാല്‍ കപ്പ് നേടാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഒരു ടൂർണമെന്‍റ് ജയിക്കുക അത്ര എളുപ്പമല്ല എന്ന് നമുക്കറിയാം. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് മുകളില്‍ വലിയ സമ്മർദമുണ്ടാകും എന്നതില്‍ സംശയമില്ല. ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടും ഓസ്ട്രേലിയയും മികച്ച ടീമാണ്. ലോകകപ്പില്‍ വിരാട് കോലി ടീം ഇന്ത്യക്കായി ഏറെ റണ്‍സ് കണ്ടെത്തും. ടൂർണമെന്‍റില്‍ ടീമിന്‍റെ പ്രകടനത്തില്‍ നിർണായക സ്വാധീനം ചൊലുത്താന്‍ പോകുന്ന താരം കോലിയാണ്. കോലിക്ക് പുറമെ ശുഭ്മാന്‍ ഗില്ലും ഏറെ റണ്‍സ് കണ്ടെത്തും എന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഉചിതനായ ബാറ്ററാണ് അദേഹം. അതിനാല്‍ ഗില്ലിന്‍റെ കാര്യത്തില്‍ ടീമിന് ആശങ്കപ്പെടാനില്ല. പരിക്കിന്‍റെ ആശങ്കകളില്ലാതെ മാനസികമായി കരുത്തനാണെങ്കില്‍ പേസർ ജസ്പ്രീത് ബുമ്ര ഇന്ത്യക്കായി ഗംഭീര പ്രകടനം പുറത്തെടുക്കും. വിരാട് കോലിയും സ്റ്റീവ് സ്മിത്തുമാണ് ഏറ്റവും മികച്ച ഓള്‍ഫോർമാറ്റ് ബാറ്റർമാർ' എന്നും ഗ്രെഗ് ചാപ്പല്‍ കൂട്ടിച്ചേർത്തു. 

ഒക്‌ടോബര്‍ അഞ്ചിന് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നതോടെയാണ് ഏകദിന ലോകകപ്പിന് ഇന്ത്യയില്‍ തുടക്കമാകുന്നത്. നവംബര്‍ 19ന് ഇതേ സ്റ്റേഡിയത്തിലാണ് കലാശപ്പോര്. 10 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍. ഒക്‌ടോബര്‍ പതിനാലാം തിയതി അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ- പാക് മത്സരമാണ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം. ഒരു ലക്ഷത്തിലേറെ കാണികള്‍ക്ക് മുന്നിലായിരിക്കും ഈ തീപാറും മത്സരം. 

Read more: ഏകദിന ലോകകപ്പ്: ഇന്ത്യ- പാക് പോരിന്‍റെ തിയതി മാറ്റി; 9 മത്സരങ്ങള്‍ക്ക് പുതിയ ഷെഡ്യൂള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം