ടീം ഇന്ത്യക്കെതിരായ തോൽവിയോടെ പാകിസ്ഥാന്‍റെ ബാറ്റിംഗിലെയും ബൗളിംഗിലെയും പോരായ്‌മകളെല്ലാം വ്യക്തമായിട്ടുണ്ട്

ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയ- പാകിസ്ഥാൻ വമ്പൻ പോരാട്ടം. ഉച്ചയ്ക്ക് രണ്ടിന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യക്കെതിരായ നാണംകെട്ട തോൽവിയിൽ നിന്ന് കരകയറാൻ പാകിസ്ഥാൻ ഇറങ്ങുമ്പോള്‍ തുടര്‍ തോൽവികൾക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ് ഓസ്ട്രേലിയ ബെംഗളൂരുവില്‍ എത്തിയിരിക്കുന്നത്. ചിന്നസ്വാമിയിൽ മുൻ ചാമ്പ്യന്മാരായ ഓസീസിന് നിര്‍ണായക മത്സരമാണിന്ന്. ചെറിയ ബൗണ്ടറിയുള്ള ചിന്നസ്വാമിയില്‍ ഉയര്‍ന്ന സ്കോര്‍ പ്രതീക്ഷിക്കാം. 

ടീം ഇന്ത്യക്കെതിരായ തോൽവിയോടെ പാകിസ്ഥാന്‍റെ ബാറ്റിംഗിലെയും ബൗളിംഗിലെയും പോരായ്‌മകളെല്ലാം വ്യക്തമായിട്ടുണ്ട്. അഹമ്മദാബാദിൽ അര്‍ധസെഞ്ചുറി നേടിയെങ്കിലും ക്യാപ്റ്റൻ ബാബര്‍ അസം പതിവ് ഫോമിന്‍റെ അയലത്ത് പോലുമില്ല. സ്റ്റാര്‍ പേസര്‍ ഷഹീൻ ഷാ അഫ്രീദിയുടെ മങ്ങിയ ഫോമും ആശങ്ക. സ്പിന്നര്‍മാരായ ഷദാബ് ഖാനും മുഹമ്മദ് നവാസിനും ഇതുവരെ തിളങ്ങാനാവാത്തതിനാൽ രണ്ടിലൊരാളെ പുറത്തിരുത്തേണ്ടിവന്നേക്കും. ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിൽ തിളങ്ങിയ ഉസാമ മിറിനെ ഇന്ന് പ്ലേയിംഗ് ഇലവനില്‍ പാകിസ്ഥാന്‍ ഉൾപ്പെടുത്താന്‍ സാധ്യതയുണ്ട്. 

അതേസമയം ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റ് നാണക്കേടിന്‍റെ പടുകുഴിയിലേക്ക് വീണ ഓസീസ് ശ്രീലങ്കക്കെതിരെ ജയിച്ച് ജീവശ്വാസം വീണ്ടെടുത്തിട്ടുണ്ട്. വമ്പൻ താരങ്ങൾ പേരിനൊത്ത പ്രകടനം പുറത്തെടുക്കാത്തതും ഫീൽഡിലെ ഓട്ടവീണ കൈകളുമാണ് അഞ്ച് തവണ ലോക ജേതാക്കളായ ഓസ്ട്രേലിയക്ക് തിരിച്ചടിയാവുന്നത്. പാകിസ്ഥാനെതിരെ കൂടി പിഴവുകൾ ആവര്‍ത്തിച്ചാൽ കങ്കാരുക്കളുടെ സെമി സാധ്യതകൾ സങ്കീര്‍ണമാകും. ലോകകപ്പ് സന്നാഹ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിക്കാനായെന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നു. ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളിൽ ഓസ്ട്രേലിയക്കാണ് മുൻതൂക്കം. പത്തിൽ ആറെണ്ണത്തിൽ ജയം സ്വന്തമായപ്പോള്‍ പാകിസ്ഥാന്‍റെ ജയം നാലെണ്ണത്തിലൊതുങ്ങി.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ടോസ് വീഴും. മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സും ഡിസ്‌നി+ഹോട്‌സ്റ്റാറും വഴി ആരാധകര്‍ക്ക് തല്‍സമയം കാണാം. 

Read more: നമിച്ചണ്ണാ! അടിച്ചത് രണ്ടേ രണ്ട് സിക്‌സര്‍; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി രോഹിത് ശര്‍മ്മ, എലൈറ്റ് പട്ടികയിലും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം