Asianet News MalayalamAsianet News Malayalam

കാര്യവട്ടത്തിന് പിന്നാലെ ഗുവാഹത്തിയിലും ആവേശം കെടുത്തി മഴ, ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം വൈകുന്നു

ഏഷ്യാകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ പരമ്പരയും ജയിച്ച് ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സ്വന്തം നാട്ടിലെ ലോകകപ്പിനിറങ്ങുന്നത്.

ODI World Cup 2023: Rain stops India vs England, 4th Warm-up game after toss gkc
Author
First Published Sep 30, 2023, 2:26 PM IST

ഗുവാഹത്തി: തിരുവനന്തപുരത്തെ ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ മഴ മുടക്കിയതിന് പിന്നാലെ ഗവാഹത്തിയില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് സന്നാഹ മത്സരത്തിലും വില്ലനായി മഴ. ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തതിന് പിന്നാലെ അതിശക്തമായ മഴ എത്തിയതോടെ ഇന്ത്യക്ക് ബാറ്റിംഗിനിറങ്ങാനായിട്ടില്ല. കന്നത്ത ചൂടില്‍ ബൗളര്‍മാര്‍ എറിഞ്ഞു തളരാതിരിക്കാനാണ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.

ഏഷ്യാകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ പരമ്പരയും ജയിച്ച് ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സ്വന്തം നാട്ടിലെ ലോകകപ്പിനിറങ്ങുന്നത്. കിരീടം നിലനിര്‍ത്താൻ ഇറങ്ങുന്ന ഇംഗ്ലണ്ടിന്‍റെ കരുത്ത് ജോസ് ബട്‍ലര്‍, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോണി ബെയര്‍സ്റ്റോ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാരാണ്.  ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ ആര്‍ അശ്വിന്‍റെയും ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെയും പ്രകടനങ്ങളാകും ഇന്ന് വിലയിരുത്തപ്പെടുക. ബാറ്റിംഗ് നിരയില്‍ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദന്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിക്കാനും ഇന്നത്തെ പ്രകടനം നിര്‍ണായകമാണ്.

ഇന്ത്യയോ പാകിസ്ഥാനോ അല്ല, കിരീടമുയര്‍ത്തുക അവര്‍ തന്നെ; പ്രവചനവുമായി ഗവാസ്കര്‍, വിയോജിച്ച് പത്താന്‍

ഐസിസി ടൂര്‍ണമെന്‍റുകളില്‍ സമീപകാലത്ത് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പ്രകടനം അത്ര ആശാവഹമല്ല. 2019ലെ ലോകകപ്പില്‍ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ലീഗ് റൗണ്ടില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഒരേയൊരു ടീം ഇംഗ്ലണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇരു ടീമും ഏറ്റു മുട്ടിയപ്പോഴാകട്ടെ ഇന്ത്യയെ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് തകര്‍ത്തെറിഞ്ഞത്.

ആഗ സല്‍മാന്‍റെ 'ആന വൈഡ്', ഒരു ദയയുമില്ലാതെ ബൗണ്ടറി കടത്തി ടോം ലാഥം-വീഡിയോ

ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തിന് ടോസെങ്കിലും സാധ്യമായെങ്കില്‍ കാര്യവട്ടത്ത് നടക്കേണ്ട ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് പോരാട്ടത്തിന് കനത്ത മഴ മൂലം ടോസ് പോലും സാധ്യമായിട്ടില്ല. ഇന്നലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍-ദക്ഷിണാഫ്രിക്ക സന്നാഹ മത്സരവും കനത്ത മഴമൂലം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിക്കുകയായിരുന്നു.ഗ്രൗണ്ടിലെ ഡ്രെയിനേജ് സൗകര്യം മികച്ചതാണെങ്കിലും മഴ മാറിയാല്‍ ഗ്രൗണ്ട് മത്സരസജ്ജമാക്കാന്‍ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളിലും തിരുവനന്തപുരത്ത് മഴ തുടരുമെന്നാണ് കാലവസ്ഥാ പ്രവചനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios