കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിൽ പങ്കെടുത്തതിന് ഐസിസി നൽകിയ സമ്മാനത്തുക കളിക്കാർക്ക് വിതരണം ചെയ്യാതെ ഒമാൻ ക്രിക്കറ്റ് ബോർഡ് പോക്കറ്റിലാക്കിയെന്ന് ആരോപണം.

മസ്കറ്റ്: കഴിഞ്ഞ വര്‍ഷം അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടന്ന ടി20 ലോകകപ്പില്‍ പങ്കെടുത്തതിന് ഐസിസി നല്‍കിയ സമ്മാനത്തുക കളിക്കാര്‍ക്ക് വിതരണം ചെയ്യാതെ പോക്കറ്റിലാക്കി ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ്. കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയ ഒമാന്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഉള്ള ഗ്രൂപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിന് യോഗ്യത നേടിയ ടീമുകള്‍ക്കുള്ള സമ്മാനത്തുകയായ 1,93,01,737 രൂപ ഐസിസി ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയിരുന്നു.

ഐസിസി നല്‍കിയ സമ്മാനത്തുക 21 ദിവസത്തിനകം കളിക്കാര്‍ക്ക് തുല്യമായി വിതരണം ചെയ്യണമെന്നാണ് നിബന്ധന.എന്നാല്‍ ഐസിസി സമ്മാനത്തുക നല്‍കി ഒരുവര്‍ഷം കഴിഞ്ഞിട്ടും ഈ തുക കളിക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ തയാറായില്ലെന്ന് മാത്രമല്ല, സമ്മാനത്തുക നല്‍കാത്തതിനെപ്പറ്റി പരാതിപ്പെട്ട ലോകകപ്പ് ടീമിലെ 15 കളിക്കാരെയും ടീമില്‍ നിന്ന് ഘട്ടം ഘട്ടമായി ഒഴിവാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ കളിച്ച ടീമുകളുടെ ക്രിക്കറ്റ് ബോര്‍ഡുകള്‍ പലതും സമ്മാനത്തുക പൂര്‍ണമായും കളിക്കാര്‍ക്ക് നല്‍കാന്‍ തയാറായിട്ടില്ല. എന്നാല്‍ സമ്മാനത്തുകയില്‍ നിന്ന് ഒരു ചില്ലിക്കാശ് പോലും കളിക്കാര്‍ക്ക് നല്‍കാന്‍ തയാറാവാത്ത ഒരേയൊരു ക്രിക്കറ്റ് ബോര്‍ഡ് ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാത്രമാണ്.

ടി20 ലോകകപ്പില്‍ ഒമാനുവേണ്ടി കളിച്ച ഇന്ത്യൻ വംശജൻ കശ്യപ് പ്രജാപതി ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്ക് സമ്മാനത്തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലാണ്. പുതിയ ജീവിതമാര്‍ഗം തേടി അമേരിക്കയില്‍ എത്തിരിക്കുകയാണ് പ്രജാപതി ഇപ്പോള്‍.ഐസിസി നല്‍കുന്ന സമ്മാനത്തുക ക്രിക്കറ്റ് ബോര്‍ഡുകള്‍ കളിക്കാര്‍ക്ക് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനമില്ലാത്തതാണ് ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് വിലയിരുത്തല്‍.

2027വരെ ഐസിസി ടൂര്‍ണമെന്‍റുകളില്‍ കളിക്കുന്നതിന് നല്‍കുന്ന സമ്മാനത്തുക കളിക്കാര്‍ക്ക് നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി ഐസിസി കരാറിലെത്തിയിരുന്നു. സമാനമായ കരാര്‍ എല്ലാ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളമായും വേണണെമെന്നാണ് ഒമാൻ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട കളിക്കാരുടെ ആവശ്യം.കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടന്ന ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യയാണ് കിരീടം നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക