ഓസ്ട്രേലിയക്കെതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ ബാറ്റര്‍മാരില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ഇന്നത്തെ സെഞ്ചുറിയോടെ കോലിക്കായി.
അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതതിരായ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിംഗ്സിനെ താങ്ങി നിര്‍ത്തിയ വിരാട് കോലി സ്വന്തമാക്കിയത് ഒരുപാട് റെക്കോര്‍ഡുകള്‍. മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കോലി ടെസ്റ്റില്‍ തന്‍റെ 28ാം സെഞ്ചുറി സ്വന്തമാക്കിയത്. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു കോലി അവസാനം ടെസ്റ്റ് സെഞ്ചുറി നേടിയത്.
ഓസ്ട്രേലിയക്കെതിരായ ഇന്നത്തെ സെഞ്ചുറിയോടെ എതിര്‍ ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്നവരുടെ പട്ടികയില്‍ കോലി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓസ്ട്രേലിയക്കെതിരെ 20 സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ടിനെതിരെ 19 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഡോണ്‍ ബ്രാഡ്മാന്‍ രണ്ടാമതുള്ള പട്ടികയില്‍ ശ്രീലങ്കക്കെതിരെ 17 സെഞ്ചുറികളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് മൂന്നാമത്. ഓസ്ട്രേലിയക്കെതിരെ 16 സെഞ്ചുറികളുമായി വിരാട് കോലി നാലാമതാണ്. ശ്രീലങ്കക്കെതിരെയും കോലിക്ക് 16 സെഞ്ചുറികളുണ്ട്.
മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ടെസ്റ്റില്‍ സെഞ്ചുറിയുമായി ബാറ്റുയര്‍ത്തി കിംഗ് കോലി
ഓസ്ട്രേലിയക്കെതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ ബാറ്റര്‍മാരില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ഇന്നത്തെ സെഞ്ചുറിയോടെ കോലിക്കായി. ഓസ്ട്രേലിയക്കെതിരെ കളിച്ച 24 ടെസ്റ്റില്‍ കോലി നേടുന്ന എട്ടാം സെഞ്ചുറിയാണിത്. ഓസ്ട്രേലിയക്കെതിരെ 20 ടെസ്റ്റില്‍ നിന്ന് എട്ട് സെഞ്ചുറികള്‍ നേടിയിട്ടുള്ള സുനില്‍ ഗവാസ്കറാണ് പട്ടികയില്‍ കോലിക്കൊപ്പം രണ്ടാം സ്ഥാനത്തുള്ളത്. 39 ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ 11 സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
കോലിയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്. 241 പന്തിലാണ് കോലി അഹമ്മദാബാദില്‍ ഓസ്ട്രേലിയക്കെതിര സെഞ്ചുറി തികച്ചത്. 2012ല്‍ നാഗ്പൂരില്‍ ഇംഗ്ലണ്ടിനെതിരെ 289 പന്തില്‍ സെഞ്ചുറിയിലെത്തിയതാണ് കോലിയുടെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറി.
