2023 ക്രിക്കറ്റ് ലോകകപ്പില്‍ ജയ സാധ്യത മൂന്ന് ടീമുകള്‍ക്കാണ് എന്നാണ് ഫാഫ് ഡുപ്ലസിസ് പറയുന്നത്
ജൊഹന്നസ്‌ബര്‍ഗ്: ഇന്ത്യ വേദിയാവുന്ന പുരുഷന്‍മാരുടെ ഏകദിന ലോകകപ്പ് തുടങ്ങാന്‍ ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. ഒക്ടോബര്‍ 5ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ലോകകപ്പ് ആവേശം കൂട്ടി ഫേവറൈറ്റുകളെ പ്രവചിക്കുകയാണ് പല മുന്‍ താരങ്ങളും. ഇതിനൊപ്പം ചേര്‍ന്ന് തന്‍റെ ഫേവറൈറ്റ് ടീമുകളുടെ പേര് വ്യക്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസ്. ലോകകപ്പ് നേടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകളുടെ പേരാണ് ഫാഫ് പറയുന്നത്.
2023 ക്രിക്കറ്റ് ലോകകപ്പില്‍ ജയ സാധ്യത മൂന്ന് ടീമുകള്‍ക്കാണ് എന്നാണ് ഫാഫ് ഡുപ്ലസിസ് പറയുന്നത്. താന്‍ ഏറെക്കാലം കളിച്ച ദക്ഷിണാഫ്രിക്കയെ ഫേവറൈറ്റുകളായി കാണുന്നു ഫാഫ് എന്നതാണ് സര്‍പ്രൈസ്. അടുത്തിടെ ഓസ്ട്രലിയക്ക് എതിരെ മൂന്ന് ട്വന്‍റി 20 മത്സരങ്ങളുടെ പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടിരുന്നു പ്രോട്ടീസ്. അഞ്ച് ഏകദിനങ്ങളുടെ പരമ്പര പിന്നാലെ വരാനുണ്ട്. ലോകകപ്പിലെ ഹോം ടീമായ ഇന്ത്യയും മുന്‍ ചാമ്പ്യന്‍മാരായ ഓസീസുമാണ് ലോകകപ്പ് നേടാന്‍ കടുത്ത മത്സരം കാഴ്‌ചവെക്കാന്‍ പോകുന്ന മറ്റ് രണ്ട് ടീമുകളെന്നും ഫാഫ് പറയുന്നു. 'ദക്ഷിണാഫ്രിക്ക മികച്ച ടീമാണ് എന്ന് കരുതുന്നു. ഇന്ത്യയെ പോലൊരു ടീമിനെ ഹോം വേദിയില്‍ മറികടക്കുക എളുപ്പമായിരിക്കില്ല. ഒരിക്കലും എഴുതിത്തള്ളാന്‍ കഴിയാത്ത ഓസ്ട്രേലിയയാണ് അടുത്ത ടീം. ഐസിസി ടൂര്‍ണമെന്‍റുകളില്‍ മികച്ച റെക്കോര്‍ഡുള്ള ടീമാണ് അവര്‍' എന്നും ഡുപ്ലസി ഐസിസിയോട് പറഞ്ഞു.
ഫാഫ് ഡുപ്ലസിസ് ഫേവറൈറ്റുകളായി കാണുന്ന ടീമുകളിലൊന്നായ ദക്ഷിണാഫ്രിക്ക ഇതുവരെ ലോകകപ്പ് നേടാത്ത ടീമാണ്. അതേസമയം ഇന്ത്യ 1983ല്‍ കപില്‍ ദേവിന്‍റെ നേതൃത്വത്തിലും 2011ല്‍ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലും കിരീടം ഉയര്‍ത്തി. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടമുള്ള ടീമായ ഓസീസ് 1987, 1999, 2003, 2007, 2015 ലോകകപ്പുകള്‍ സ്വന്തമാക്കിയവരാണ്.
Read more: ഒരറ്റത്ത് പാഴാക്കല്‍, മറുവശത്ത് മാനം കാത്ത് രോഹിത് ശര്‍മ്മ; കാണാം സൂപ്പര്‍ ക്യാച്ച്- വീഡിയോ
