കൊല്‍ക്കത്തയിലെ തോല്‍വിക്ക് ശേഷം ഗുവാഹത്തിയില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിനായി പേസും ബൗണ്‍സുമുള്ള പിച്ച് ഒരുങ്ങുന്നു.
ഗുവാഹത്തി: കൊല്‍ക്കത്തെ ടെസ്റ്റിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ ഗുവാഹത്തിയില്‍ രണ്ടാം ടെസ്റ്റിനായി തയ്യാറാക്കുന്നത് പേസും ബൗണ്‍സുമുള്ള വിക്കറ്റെന്ന് സൂചന. ഈഡന്‍ ഗാര്‍ഡന്‍സില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 93 റണ്‍സിന് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാരാണ് ഇന്ത്യയെ തകര്‍ത്തത്. ഈ പശ്ചാത്തലത്തിലാണ് ഗുവാഹത്തിയില്‍ ചുവന്ന മണ്ണ് ഉപയോഗിച്ച് വിക്കറ്റ് തയ്യാറാക്കുന്നത്. ബിസിസിഐയുടെ ചീഫ് ക്യൂറേറ്റര്‍ ആശിഷ് ഭൗമിക്കിന്റെ ഹോം ഗ്രൗണ്ടാണിത്. ഇവിടെ നടക്കുന്ന ആദ്യ ടെസ്റ്റ് എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. പരിക്കേറ്റ ശുഭ്മന്‍ ഗില്‍ കളിക്കുന്നില്ലെങ്കില്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്താവും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക.
അതേസമയം, രണ്ടാം ടെസ്റ്റിന് മുമ്പ് വ്യത്യസ്ത ബാറ്റിംഗ് പരിശീലനവുമായി ഇന്ത്യന്‍ ടീം. കൊല്‍ക്കത്ത ഈഡന്‍ ഡാര്‍ഡന്‍സില്‍ ആയിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലനം. ഈഡന്‍ ഗാര്‍ഡന്‍സിലെ ബാറ്റര്‍മാര്‍ കറങ്ങി വീണതിന്റെ നടുക്കത്തില്‍ ആണിപ്പോഴും ടീം ഇന്ത്യ. ഇതുകൊണ്ടുതന്നയൊണ് ഗുവാഹത്തിയിലേക്ക് പുറപ്പെടും മുന്നേ ഈഡനില്‍ തന്നെ ബാറ്റിംഗ് പരിശീലനം നടത്താന്‍ ഇന്ത്യന്‍ ടീം തീരുമാനിച്ചത്. പരിശീലനത്തില്‍ പങ്കെടുത്തത് ആറുതാരങ്ങള്‍. ഇതില്‍തന്നെ ദീര്‍ഘനേരം ബാറ്റിംഗ് പരിശീലനം നടത്തിയത് സായ് സുദര്‍ശന്‍, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ എന്നിവര്‍.
കഴുത്തിന് പരിക്കേറ്റ നായകന്‍ ശുഭ്മന്‍ ഗില്‍ ഗുവാഹത്തിയില്‍ കളിക്കാന്‍ സാധ്യതയില്ല. ഗില്ലിന് പകരം സായ് സുദര്‍ശന്‍ ടീമിലെത്തിയേക്കും. ഈഡനിലെ പരിശീലന സെഷന്‍ നല്‍കുന്ന സൂചനയും ഇതാണ്. ഇടംകൈയന്‍ ബാറ്ററായ സായ് സുദര്‍ശന്‍ മണിക്കൂറുകളോളം ബാറ്റ് ചെയ്തത് വലതു കാലില്‍ പാഡണിയാതെ. റിവേഴ്‌സ് സ്വീപ്പ് ഷോട്ടുകള്‍ ഏറെനേരം പരിശീലിച്ച വലംകൈയന്‍ ബാറ്റര്‍ ധ്രുവ് ജുറല്‍ ഇടതുകാലിലും പാഡണിഞ്ഞില്ല. ഇരുവരും ദീര്‍ഘനേരം നേരിട്ടത് സ്പിന്‍ ബൗളര്‍മാരെ. ഫ്രണ്ട്ഫുട്ടില്‍ പാഡിന്റെ സംരക്ഷണമില്ലാതെ ബാറ്റുകൊണ്ടുമാത്രം പന്തുകള്‍ നേരിട്ട്, ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാരുടെ പന്തുകള്‍ക്ക് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങാതിരിക്കാന്‍ ആയിരുന്നു സായ് സുദര്‍ശന് ഇത്തരത്തിലുള്ള പ്രത്യേക പരിശീലനം.
റിസ്‌കുളള റിവേഴ്‌സ് സ്വീപ്പ് കളിക്കാന്‍ ജുറലിന്റെ വലുതുകാലിലെ പാഡും ഒഴിവാക്കി. കോച്ച് ഗൗതം ഗംഭീറിന്റെയും ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക്കിന്റെയും സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു താരങ്ങളുടെ ബാറ്റിംഗ് പരിശീലനം. ഇരുവരും ഇടക്കിടെ താരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. ഏറ്റവും കൂടുതല്‍സമയം നെറ്റ്‌സില്‍ ബാറ്റ് ചെയ്തത് രവീന്ദ്ര ജഡേജയായിരുന്നു. ഗില്ലിന് പരിക്കേറ്റതോടെ ഇന്ത്യ എ ടീമിലേക്ക് വിട്ട ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഗുവാഹത്തിയില്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് തുടക്കമാവുക.



