റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഒമാനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ എ ടീം സെമി ഫൈനലിൽ പ്രവേശിച്ചു. 

ദോഹ: റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഒമാനെതിരായ മത്സരത്തില്‍ ഇന്ത്യ എ ടീമിന് ആറ് വിക്കറ്റ് ജയം. ദോഹയില്‍ നടന്ന മത്സരത്തില്‍ ഒമാന്‍ ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 17.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 44 പന്തില്‍ പുറത്താവാതെ 53 റണ്‍സ് നേടിയ ഹര്‍ഷ് ദുബെയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. നമന്‍ ധിറിന്റ (19 പന്തില്‍ 30) ഇന്നിംഗ്‌സും നിര്‍ണായകമായി. ജയത്തോടെ ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടി. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ. പാകിസ്ഥാന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തി. ഗ്രൂപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

പതിഞ്ഞ തുടക്കമായിരുന്നു ഇന്ത്യക്ക്. 37 റണ്‍സിനിടെ ഇന്ത്യക്ക് പ്രിയാന്‍ഷ് ആര്യ (10), വൈഭവ് സൂര്യവന്‍ഷി (12) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. പിന്നാലെ ദുബെ - ധിര്‍ സഖ്യം 31 റണ്‍സ് കൂട്ടിചേര്‍ത്തു. ഒമ്പതാം ഓവറില്‍ ധിറിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ ദുബെ - നെഹല്‍ വധേര (24 പന്തില്‍ 23) കൂട്ടുകെട്ട് ഇന്ത്യക്ക് തുണയായി. ഇരുവരും 66 റണ്‍സാണ് കൂട്ടിചേര്‍ത്തത്. വധേര പുറത്തായെങ്കിലും ക്യാപ്റ്റന്‍ ജിതേശ് ശര്‍മയെ കൂട്ടുപിടിച്ച് ദുബെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ രണ്ട് വിക്കറ്റ് വീതം നേടിയ ഗുര്‍ജപ്‌നീത് സിംഗ്, സുയഷ് ശര്‍മ എന്നിവരാണ് ഒമാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 54 റണ്‍സ് നേടിയ വസീം അലിയാണ് ഒമാന്റെ ടോപ് സ്‌കോറര്‍. ഹമ്മദ് മിര്‍സ 32 റണ്‍സെടുത്തു. നാരായണ്‍ സയ്ശിവ് (16), കരണ്‍ സോണാവാല (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. വിജയകുമാര്‍ വൈശാഖ്, ഹര്‍ഷ് ദുബെ, ധിര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

YouTube video player