ഫ്‌ളോറിഡയില്‍ നടന്ന ആദ്യ ടി20 മത്സരത്തില്‍ പാകിസ്ഥാന്‍ വിന്‍ഡീസിനെ 14 റണ്‍സിന് തോല്‍പ്പിച്ചു.

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് ജയം. ഫ്‌ളോറിഡയില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിന്റെ ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് അടിച്ചെടുത്തത്. 38 പന്തില്‍ 57 റണ്‍സെടുത്ത സെയിം അയൂബാണ് ടോപ് സ്‌കോറര്‍. വിന്‍ഡീസിന് വേണ്ടി ഷമാര്‍ ജോസഫ് മൂന്ന് വിക്കറ്റെടത്തു. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനാണ് സാധിച്ചത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ജോണ്‍സണ്‍ ചാര്‍ളസ് (35) - ജ്യുവല്‍ ആന്‍ഡ്രൂ (35) എന്നിവര്‍ ഓപ്പണിംഗ് വിക്കറ്റില്‍ 72 റണ്‍സ് ചേര്‍ത്തു. 12-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. മുഹമ്മദ് നവാസ് എറിഞ്ഞ ആ ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. വിന്‍ഡീസ് ഓപ്പണര്‍മാരെ കൂടാതെ ഗുഡകേഷ് മോട്ടിയുടെ (0) വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. തുടര്‍ന്ന് വന്ന ഷായ് ഹോപ്പ് (2), ഷെഫാനെ റുതര്‍ഫോര്‍ഡ് (11), റോസ്റ്റണ്‍ ചേസ് (5), റൊമാരിയോ ഷെപ്പേര്‍ഡ് (12) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ജേസണ്‍ ഹോള്‍ഡര്‍ (12 പന്തില്‍ 30), ഷമാര്‍ ജോസഫ് (12 പന്തില്‍ 21) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ തോല്‍വി ഭാരം കുറയ്ക്കാന്‍ സഹായിച്ചു. ഇരുവരും പുറത്താവാതെ നിന്നു. മുഹമ്മദ് നവാസിന് പുറമെ സെയിം അയൂബ് പാകിസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, പാകിസ്ഥാന്റെ തുടക്കം അത്ര നന്നായിരുന്നില്ല. 26 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സാഹിബ്‌സദ ഫര്‍ഹന്‍ 14 റണ്‍സെടുത്ത് മടങ്ങി. പിന്നീട് അയൂബ് - ഫഖര്‍ സമാന്‍ (28) സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12-ാം ഓവറില്‍ അയൂബ് മടങ്ങി. ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 14-ാം ഫഖര്‍ സമാനും പുറത്തായി. തുടര്‍ന്ന് വന്നതില്‍ ഹസന്‍ നവാസിന് (24) മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. മുഹമ്മദ് നവാസ് (24), ഹഫീം അഷ്‌റഫ് (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സല്‍മാന്‍ അഗ (11), മുഹമ്മദ് ഹാരിസ് (6) പുറത്താവാതെ നിന്നു. ജയത്തോടെ പാകിസ്ഥാന്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നിലെത്തി.

വിന്‍ഡീസിനാവട്ടെ കഷ്ടകാലം തുടരുകയാണ്. ഇതിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയക്കെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ വിന്‍ഡീസ് സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയിരുന്നു.

YouTube video player