അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ദീപേഷ് ദേവേന്ദ്രന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ തകര്‍ത്തത്.
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ദുബായില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 27 ഓവറില്‍ അഞ്ചിന് 85 എന്ന നിലയിലാണ് പാകിസ്ഥാന്‍. ഇന്ത്യക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹംസ സഹൂര്‍ (1), ഹുസൈഫ അഹ്‌സാന്‍ (31) എന്നിവരാണ് ക്രീസില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ 85 റണ്‍സെടുത്ത മലയാളി താരം ആരോണ്‍ ജോര്‍ജാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. കനിഷ്‌ക് ചൗഹാന്‍ (46), ആയുഷ് മാത്രെ (38) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വൈഭവ് സൂര്യവന്‍ഷി അഞ്ച് റണ്‍സെടുത്ത് പുറത്തായി. പാകിസ്ഥാന് വേണ്ടി മുഹമ്മദ് സയ്യാം, അബ്ദുള്‍ സുബാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. നേരത്തെ മഴയെ തുടര്‍ന്ന് മത്സരം 49 ഓവറാക്കി ചുരുക്കിയിരുന്നു.
സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു പാകിസ്ഥാന്. സ്മീര്‍ മിന്‍ഹാസിന്റെ (9) വിക്കറ്റ് ആദ്യം നഷ്ടമായി. ദീപേഷിന്റെ പന്തില്‍ നമന്‍ പുഷ്പകിന് ക്യാച്ച്. തുടര്‍ന്നെത്തിയ അലി ഹസന്‍ ബലൂച്ച് നേരിട്ട ആറാം പന്തില്‍ റണ്‍സെടുക്കാതെ തന്നെ മടങ്ങി. ഇത്തവണ വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ടുവാണ് ക്യാച്ചെടുത്തത്. അഹമ്മദ് ഹുസൈനെ കൂടി പുറത്താക്കി ദീപേഷ് ഇന്ത്യക്ക് മേല്‍ക്കൈ നല്‍കി. ഉസ്മാന്‍ ഖാനെ കനിഷ്‌ക് ചൗഹാന്‍ മടക്കിയതോടെ നാലിന് 30 എന്ന നിലിയിലായി പാകിസ്ഥാന്‍. പിന്നീട് ഫര്‍ഹാന്‍ യൂസഫ് (23) - അഹ്‌സാന്‍ സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്ത് പാകിസ്ഥാന് ആശ്വാസം നല്‍കി. എന്നാല്‍ വൈഭവ് സൂര്യവന്‍ഷി ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഫര്‍ഹാനെ വൈഭവ് മടക്കുകയായിരുന്നു.
നാലാം ഓവറില്‍ തന്നെ സൂര്യവന്‍ഷിയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മുഹമ്മദ് സയ്യാമിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കുകയായിരുന്നു താരം. തുടര്‍ന്ന് ആരോണ്‍ - മാത്രെ സഖ്യം 49 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും നന്നായി മുന്നോട്ട് പോയി കൊണ്ടിരിക്കെ മാത്ര 10-ാം ഓവറില്‍ പുറത്തായി. സയ്യാം തന്നെയാണ് മാത്രയെ മടക്കിയത്. തുടര്‍ന്നെത്തിയ വിഹാന്‍ മല്‍ഹോത്ര (12), വേദാന്ത് ത്രിവേദി (7) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ നാലിന് 113 എന്ന നിലയിലായി ഇന്ത്യ. പിന്നീട് ആരോണ്‍ - അഭിഗ്യാന്‍ കുണ്ടു (22) സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.
എന്നാല്‍ ഇരുവരും 32-ാം ഓവറില്‍ മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. സുബാനാണ് ഇരുവരേയും മടക്കിയത്. 88 പന്തുകള്‍ നേരിട്ട സുബാന്‍ ഒരു സിക്‌സും 12 ഫോറും നേടി. തുടര്‍ന്ന് വന്ന താരങ്ങളില്‍ ചൗഹാന്‍ മാത്രമാണ് തിളങ്ങിയത്. ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ച താരം മൂന്ന് സിക്‌സും രണ്ട് ഫോറും നേടി. ഖിലന്‍ പട്ടേല്‍ (6), ഹെനില്‍ പട്ടേല്‍ (12), ദീപേഷ് ദേവേന്ദ്രന്‍ (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. കിഷന്‍ കുമാര്‍ സിംഗ് (0) പുറത്താവാതെ നിന്നു.
ഇന്ത്യ: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവന്‍ഷി, ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, കിഷന്‍ കുമാര്‍ സിംഗ്, ഹെനില്‍ പട്ടേല്‍.



