ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയില്‍ നിന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്മാറി. മാച്ച് റഫറിയെ മാറ്റാത്തതില്‍ പ്രതിഷേധിച്ച് പിന്മാറുമെന്ന് അറിയിച്ച പിസിബി, ഐസിസിയുടെ കടുത്ത മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. 

ദുബായ്: ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് യു ടേണ്‍ എടുത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണമെന്റ് പാനലില്‍ നിന്നും മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്മാറുമെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യ - പാകിസ്ഥാന്‍ പോരിന് ശേഷം ഹസ്തദാനം ചെയ്യാതെ ടീം ഇന്ത്യ മടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് പിന്നാലെയാണ് ഈ സംഭവ വികാസങ്ങള്‍ അരങ്ങേറിയിരുന്നത്

മത്സരത്തിന്റെ ടോസ് സമയത്ത് പാകിസ്താന്‍ നായകന് ഹസ്തദാനം നല്‍കരുതെന്ന് ഇന്ത്യന്‍ ക്യാപ്റ്റനോട് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നുവെന്ന് പിസിബി ആരോപിച്ചു. അതുപ്രകാരമാണ് സൂര്യകുമാര്‍ യാദവ് ഹസ്തദാനം ഒഴിവാക്കിയതെന്നാണ് പിസിബിയുടെ വാദം. തുടര്‍ന്നാണ് മാച്ച് റഫറിയെ ഒഴിവാക്കണമെന്ന് പിസിബി ആവശ്യപ്പെട്ടത്. ഒഴിവാക്കിയില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ നിന്നും പിന്‍മാറുമെന്നും അറിയിച്ചു. എന്നാല്‍ റഫറി തെറ്റുകാരനല്ലെന്ന് ഐസിസി അറിയിച്ചു. പിന്നാലെ യുഎഇക്കെതിരെയുള്ള അടുത്ത മത്സരത്തില്‍ കളിക്കില്ലെന്നാണ് പാകിസ്താന്‍ വെല്ലുവിളിക്കുകായും ചെയ്തു.

എന്നാല്‍ ഏഷ്യ കപ്പ് ബഹിഷ്‌കരിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി അറിയിച്ചു. വന്‍ അച്ചടക്ക നടപടികളും സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്ന് അറിയിച്ചതോടെ കടുത്ത തീരുമാനങ്ങളില്‍ നിന്ന് പിസിബി പിന്മാറുകയായിരുന്നു. ഏഷ്യാ കപ്പില്‍ നാളെ നടക്കുന്ന പാകിസ്ഥാന്‍ - യുഎഇ മത്സരത്തിലും ആന്‍ഡി പൈക്രൊഫ്റ്റ് തന്നെയാണ് മാച്ച് റഫറി. ഈ മത്സരം ജയിച്ചില്ലെങ്കില്‍ പാകിസ്ഥാന്‍ സപ്പര്‍ ഫോറിലെത്താതെ പുറത്താവാന്‍ സാധ്യതയുണ്ട്. ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഒമാനെതിരെ ജയിച്ച ടീമിന് ഇപ്പോള്‍ രണ്ട് പോയിന്റാണുള്ളത്. യുഎഇക്കെതിരെ ജയം അനിവാര്യമാണ്.

YouTube video player