ഇന്ത്യക്കെതിരായ മത്സരത്തിൽ ഫഖർ സമാന്റെ പുറത്താകൽ വിവാദമായതിനെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ടിവി അമ്പയർക്കെതിരെ ഐസിസിക്ക് പരാതി നൽകി

അബുദാബി: ഹസ്തദാന വിവാദത്തിന്റെ ചൂടാറും മുന്നേ ഐസിസിക്ക് വീണ്ടും പരാതി നല്‍കി പാകിസ്ഥാന്‍ ടീം. ഇന്ത്യയുടെ മത്സരം നിയന്ത്രിച്ച ടി വി അംപയര്‍ക്കെതിരെയാണ് ഇത്തവണ പാക് ടീമിന്റെ പരാതി. ഹാര്‍ദിക് പണ്ഡ്യയുടെ പന്തില്‍ സഞ്ജു സാംസണ്‍ എടുത്ത ക്യാച്ചിലാണ് പാകിസ്ഥാന്‍ ടീമിന്റെ അതൃപ്തിയും പരാതിയും. ഉഗ്രന്‍ ഫോമില്‍ കളിക്കുകയായിരുന്ന ഫഖര്‍ സമാന്റെ പുറത്താകല്‍ ടി വി അംപയുടെ തെറ്റായ തീരുമാനത്തില്‍ ആണെന്നും ഇത് കളിയുടെ ഗതിതന്നെ മാറ്റിയെന്നും പാകിസ്ഥാന്‍ ടീം വാദിച്ചു. ടി വി അംപയര്‍ക്കെതിരെ പാകിസ്താന്‍ ടീം മാനേജര്‍ നവീദ് ചീമ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനാണെയാണ് ആദ്യം സമീപിച്ചത്.

എന്നാല്‍ പൈക്രോഫ്റ്റ് പരാതി സ്വീകരിച്ചില്ല. തന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന കാര്യമല്ല ഇതെന്നായിരുന്നു മാച്ച് റഫറിയുടെ മറുപടി. ഇതോടെയാണ് പാക് ടീം മാനേജ്‌മെന്റ് ഐസിസിക്ക് പരാതി നല്‍കിയത്. മൂന്നാം ഓവറില്‍ ഒന്‍പത് പന്തില്‍ 15 റണ്‍സെടുത്ത് നില്‍ക്കേയാണ് ഫഖര്‍ സമാന്‍ സഞ്ജുവിന്റെ ക്യാച്ചില്‍ പുറത്തായത്. ടി വി അംപയര്‍ വിശദ പരിശോധനയ്ക്ക് ശേഷം ഔട്ട് വിധിക്കുകയായിരുന്നു. അമ്പയറുടെ തീരുമാനത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് ഫഖര്‍ സമാന്‍ മടങ്ങിയത്.

അംപയറുടെ തീരുമാനത്തെ പാകിസ്ഥാന്റെ മുന്‍താരങ്ങളായ വഖാര്‍ യുനിസും ഷുഹൈബ് അക്തറും വിമര്‍ശിച്ചു. ഫഖര്‍ സമാന്‍ ഔട്ട് അല്ലെന്നും സംശയത്തിന്റെ ആനുകൂല്യം ബാറ്റര്‍ക്കാണ് ലഭിക്കേണ്ടിയിരുന്നതെന്നും അക്തര്‍ പറഞ്ഞു. നേരത്തേ, ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിലെ ഹസ്തദാന വിവാദത്തിന് പിന്നാലെ മാച്ച് റഫറി പൈക്രോഫ്റ്റിനെ ഏഷ്യാകപ്പില്‍ നിന്ന് മാറ്റണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാക് ടീമിന്റെ ആവശ്യം ഐസിസി നിരസിച്ചിരുന്നു.

അതേസമയം, ഏഷ്യ കപ്പ് ക്രിക്കറ്റ് പാകിസ്ഥാനെ വിടാതെ ഐസിസി. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളിലും ആന്‍ഡി പൈക്രോഫ്റ്റിനെ തന്നെ മാച്ച് റഫറിയായി നിയോഗിച്ചു. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ - പാകിസ്ഥാന്‍ മത്സരവും നിയന്ത്രിച്ചത് പൈക്രോഫ്റ്റാണ്. ഹസ്തദാനവിവാദത്തിന് ശേഷം പാകിസ്ഥന്റെ എല്ലാ മത്സരത്തിലും പൈക്രോഫ്റ്റിന് തന്നെ ഐസിസിസ ചുമതല നല്‍കി. മാച്ച് റഫറിമാരുടെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഐസിസി വ്യക്തമാക്കി.

YouTube video player