പാക് ബാറ്റര്‍മാര്‍ നല്‍കിയ അവസരങ്ങള്‍ ഇന്ത്യൻ ഫീല്‍ഡര്‍മാര്‍ കൈവിട്ടെങ്കിലും പാകിസ്ഥാന് അത് മുതലാക്കാനായില്ല.

ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാന്‍ സെമിയിലെത്താതെ പുറത്താകുമെന്നുറപ്പാക്കി ഇന്ത്യ സെമിയിലേക്ക് ടിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം 33.3 ഓവറില്‍ മറികടന്നാല്‍ മാത്രമെ പാകിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ മറികടന്ന് സെമിയിലെത്താനാവുമായിരുന്നുള്ളു. എന്നാല്‍ 33.3 ഓവറില്‍ പാകിസ്ഥാന് 4 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു. വെടിക്കെട്ട് ബാറ്ററായ സമീര്‍ മിന്‍ഹാസിനെ(9) തുടക്കത്തിലെ പുറത്താക്കിയ ഹെനില്‍ പട്ടേലാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയത്. പിന്നാലെ ഹംസ സഹൂറും ഉസ്മാന്‍ ഖാനും ചേര്‍ന്ന് പാകിസ്ഥാനെ 17 ഓവറില്‍ 88 റണ്‍സിലെത്തിച്ചെങ്കിലും ഇന്ത്യൻ ബൗളര്‍മാര്‍ വരിഞ്ഞുമുറുകിയതോടെ തകര്‍ത്തടിക്കാനാവാതെ കുഴങ്ങി.

ഇതിനിടെ പാക് ബാറ്റര്‍മാര്‍ നല്‍കിയ അവസരങ്ങള്‍ ഇന്ത്യൻ ഫീല്‍ഡര്‍മാര്‍ കൈവിട്ടെങ്കിലും പാകിസ്ഥാന് അത് മുതലാക്കാനായില്ല. 49 പന്തില്‍ 42 റണ്‍സെടുത്ത ഹംസ സഹൂറിനെ കനിഷ്ക് ചൗഹാന്‍ പുറത്താക്കിയത് പാകിസ്ഥാന് തിരിച്ചടിയായി. അര്‍ധസെഞ്ചുറി നേടിയ ഉസ്മാന്‍ ഖാനൊപ്പം ക്യാപ്റ്റൻ ബര്‍ഹാന്‍ യൂസഫ്(39 പന്തില്‍ 38) പൊരുതി നോക്കിയെങ്കിലും അംബ്രീഷിന്‍റെ പന്തില്‍ മുപ്പതാം ഓവറില്‍ പുറത്തായി. പിന്നാലെ അഹമ്മദ് ഹുസൈനെ(2) പുറത്താക്കി ക്യാപ്റ്റൻ ആയുഷ് മാത്രം പാകിസ്ഥാനെ പ്രതിരോധത്തിലാക്കി.

View post on Instagram

പാകിസ്ഥാനെ തോൽപ്പിക്കുകയോ 33.4 ഓവറിനുശേഷം പാകിസ്ഥാനോട് തോൽക്കുകയോ ചെയ്താലും നെറ്റ് റണ്‍റേറ്റില്‍ മുന്നിലായതിനാല്‍ ഇന്ത്യയാണ് സെമിയിലേക്ക് മുന്നേറുക. ഇന്നത്തെ മത്സരത്തിനു മുമ്പ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് +3.337 പാകിസ്ഥാന്‍റേത് +1.484ഉം ആയിരുന്നു. ഇന്നത്തെ മത്സരത്തില്‍ പാകിസ്ഥാനായിരുന്നു ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യയെ 89 റണ്‍സ് വ്യത്യാസത്തില്‍ തോല്‍പിച്ചാലെ സെമിയിലെത്താനാവുമായിരുന്നുള്ളു. ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തത് തന്നെ ലക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റുവീശാനായിരുന്നു. എന്നാല്‍ തുടക്കത്തിലെ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ സെഞ്ചുറിയടിച്ച വെടിക്കെട്ട് ബാറ്ററായ സമീര്‍ മിൻഹാസിനെ നഷ്ടമായത് പാകിസ്ഥാന് തിരിച്ചടിയായി. നിലവിൽ ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള ഒരു സ്ഥാനത്തിനായിട്ടായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകളും ഇതിനോടകം സെമിയിലെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക