ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പിക്കാനായിട്ടില്ലെങ്കിലും സമീപകാലത്ത് വലിയൊരു ടൂര്‍ണമെന്റില്‍ ഇന്ത്യയെ ഞങ്ങള്‍ തോല്‍പ്പിച്ചിരുന്നു. അതിനാല്‍ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഞങ്ങള്‍ക്ക് മുന്‍തൂക്കമുണ്ട്
കറാച്ചി: മെയ് അവസനാം ഇംഗ്ലണ്ടിലും വെയില്‍സിലുമായി തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് മുന്‍തൂക്കമുണ്ടെന്ന് പാക് ക്രിക്കറ്റ് ടീം നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഈ ലോകകപ്പിലെ ഫേവറൈറ്റുകള്‍. ഞങ്ങള്‍ക്ക് അധികം സാധ്യത ആരും കല്‍പിക്കുന്നില്ല. അതുകൊണ്ടുതന്നെ ലോകകപ്പില്‍ മറ്റു ടീമുകള്‍ക്കുള്ള അത്രയും സമ്മര്‍ദ്ദം ഞങ്ങള്‍ക്കില്ല.
ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പിക്കാനായിട്ടില്ലെങ്കിലും സമീപകാലത്ത് വലിയൊരു ടൂര്‍ണമെന്റില്‍ ഇന്ത്യയെ ഞങ്ങള്‍ തോല്‍പ്പിച്ചിരുന്നു. അതിനാല്‍ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഞങ്ങള്‍ക്ക് മുന്‍തൂക്കമുണ്ട്. ലോകകപ്പിലെ എല്ലാ മത്സരവും പ്രധാനമാണെന്നും അതുകൊണ്ടുതന്നെ എല്ലാ മത്സരവും ഇന്ത്യക്കെതിരായ മത്സരംപോലെ കാണാനാണ് ശ്രമിക്കുകയെന്നും സര്‍ഫ്രാസ് പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത മുഹമ്മദ് അമീറിനെ ലോകകപ്പ് ടീമിലെടുക്കാതിരുന്നതിനെക്കുറിച്ചും സര്‍ഫ്രാസ് പ്രതികരിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അമീറിന് പ്രകടനം മെച്ചപ്പെടുത്തി ടീമിലെത്താനുള്ള അവസരമുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആറ് പേസ് ബൗളര്‍മാര്‍ ടീമിലുണ്ട്. ഇവരെ മാറ്റി മാറ്റി പരീക്ഷിക്കും. ഇതിനുശേഷമെ അന്തിമ തീരുമാനമെടുക്കു.
പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ലോകകപ്പില്‍ ഭയരഹിതരായി പോരാടാനാണ് അദ്ദേഹം പറഞ്ഞതെന്നും സര്‍ഫ്രാസ് പറഞ്ഞു. ജൂണ്‍ 16നാണ് ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം.
