അഞ്ച് റണ്‍സിനിടെ പാകിസ്ഥാന് ഓപ്പണര്‍മാരെ നഷ്ടമായി. ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, മുഹമ്മദ് ഹുറൈറ എന്നിവര്‍ക്ക് രണ്ട് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

മുള്‍ട്ടാന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ തോല്‍വി ഭയത്തില്‍. മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ആതിഥേയര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലിന് 76 എന്ന നിലയിലാണ്. വിജയലക്ഷ്യം മറികടക്കണമെങ്കില്‍ ആറ് വിക്കറ്റ് ശേഷിക്കെ 178 റണ്‍സ് കൂടി പാകിസ്ഥാന് വേണം. സൗദ് ഷക്കീല്‍ (13), കാഷിഫ് അലി (1) എന്നിവരാണ് ക്രീസില്‍. കെവിന്‍ സിന്‍ക്ലെയര്‍ രണ്ട് വിക്കറ്റെടുത്തു. ഗുഡകേശ് മോട്ടി, ജോമല്‍ വറിക്കന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. സ്പിന്‍ ട്രാക്കില്‍ അതിജീവിക്കുക പാകിസ്ഥാന് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

ഇന്ന് അഞ്ച് റണ്‍സിനിടെ പാകിസ്ഥാന് ഓപ്പണര്‍മാരെ നഷ്ടമായി. ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, മുഹമ്മദ് ഹുറൈറ എന്നിവര്‍ക്ക് രണ്ട് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. തുടര്‍ന്ന് ബാബര്‍ അസം (31) - കമ്രാന്‍ ഗുലാം (19) സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഗുലാമിനെ പുറത്താക്കി വറിക്കന്‍ സന്ദശകര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ ബാബറിനെ, സിന്‍ക്ലെയറും മടക്കി. ഇതോടെ നാലിന് 71 എന്ന നിലയിലായി പാകിസ്ഥാന്‍. പിന്നീട് ഷക്കീലും നൈറ്റ് വാച്ച്മാന്‍ കാഷിഫും വിക്കറ്റ് പോവാതെ കാത്തു.

ഹരിയാനയ്ക്ക് പിന്നില്‍ കേരളം! കര്‍ണാടകയെ മൂന്നാം സ്ഥാനത്തേക്ക് വലിച്ചിട്ടു, രഞ്ജിയില്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ 163ന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ നോമന്‍ അലിയാണ് വിന്‍ഡീസിനെ തകര്‍ത്തത്. സാജിദ് ഖാന് രണ്ട് വിക്കറ്റുണ്ട്. 55 റണ്‍സ് നേടിയ വാലറ്റക്കാരന്‍ മോട്ടിയാണ് ടോപ് സ്‌കോറര്‍. മറ്റു ബൗളര്‍മാരായ കെമര്‍ റോച്ച് (22), വറിക്കന്‍ (40 പന്തില്‍ പുറത്താവാതെ 36) എന്നിവരുടെ സംഭാവനകളും നിര്‍ണായകമായി. 21 റണ്‍സെടുത്ത കവേം ഹോഡ്ജാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ഏഴ് പേര്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല. പിന്നാലെ ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 154ന് പുറത്തായി.

ഒമ്പത് റണ്‍സിന്റെ ലീഡാണ് വഴങ്ങിയത്. നാല് വിക്കറ്റ് നേടിയ വറിക്കന്‍, മൂന്ന് പേരെ പുറത്താക്കിയ മോട്ടി എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. 49 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ് ടോപ് സ്‌കോറര്‍. സൗദ് ഷക്കീല്‍ 32 റണ്‍സെടുത്തു. ബാബര്‍ അസമിന് (1) തിളങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് ശൈലി മാറ്റി. അല്‍പം കൂടി വേഗത്തില്‍ റണ്‍സ് കണ്ടെത്താനാണ് ടീം ശ്രമിച്ചത്. അത് ഫലം കാണുകയും ചെയ്തു. 

ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ് (52) ടോപ് സ്‌കോറര്‍. അമീര്‍ ജാംഗോ (30), തെവിന്‍ ഇംലാച്ച് (35), സിന്‍ക്ലെയര്‍ (28) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. പാകിസ്ഥാന് വേണ്ടി സാജിദ് ഖാന്‍, നോമാന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.