ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ തോറ്റെങ്കിലും, ജസ്പ്രീത് ബുമ്രക്കെതിരെ രണ്ട് സിക്സറുകൾ നേടിയത് പാക് ഓപ്പണർ സാഹിബ്സാദ ഫർഹാൻ ടിക് ടോക്കിൽ ആഘോഷിച്ചു.
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ജസ്പ്രീത് ബുമ്രക്കെതിരെ രണ്ട് സിക്സര്‍ അടിച്ചത് ടിക് ടോക്കില്‍ ആഘോഷിച്ച് പാക് ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍. ഇന്ത്യക്കെയിതരായ മത്സരത്തില്‍ 44 പന്തില്‍ 40 റണ്‍സെടുത്ത ഫര്‍ഹാനായിരുന്നു പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. മത്സരത്തില്‍ ബുമ്രയെറിഞ്ഞ പാക് ഇന്നിംഗ്സിലെ നാലാം ഓവറിലാണ് ഫര്‍ഹാന്‍ ആദ്യ സിക്സ് പറത്തിയത്. വിവിധ ഫോര്‍മാറ്റുകളിലായി 400 പന്തുകള്‍ക്ക് ശേഷമാണ് പാകിസ്ഥാനെതിരെ ബുമ്ര ഒരു സിക്സ് വഴങ്ങുന്നത്. പിന്നാലെ പവര്‍പ്ലേയിലെ അവസാന ഓവര്‍ എറിയാനായി ബുമ്ര എത്തിയപ്പോഴും ഫര്‍ഹാന്‍ സിക്സ് നേട്ടം ആവര്‍ത്തിച്ചു.
ബുമ്രക്കെതിരെ രണ്ട് സിക്സ് നേടിയെങ്കിലും മത്സരത്തില്‍ 90.90 സ്ട്രൈക്ക് റേറ്റില്‍ 44 പന്തില്‍ 40 റണ്‍സ് ആണ് ഫര്‍ഹാന്‍ നേടിയത്. എന്നാല്‍ മത്സരത്തില്‍ പാകിസ്ഥാന്‍ ദയനീയ തോല്‍വി വഴങ്ങിയിട്ടും ബുമ്രക്കെതിരെ നേടിയ തന്‍റെ സിക്സറുകള്‍ ടിക് ടോക്കില്‍ ഫര്‍ഹാന്‍ പങ്കുവെച്ചത് ആരാധകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. ചിലര്‍ ഫര്‍ഹാന് അതിന് എല്ലാ അര്‍ഹതയുമുണ്ടെന്ന് പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ ഈ മനോഭാവം കാരണമാണ് പാകിസ്ഥാൻ ടീം രക്ഷപ്പെടാത്തതെന്ന് കമന്‍റായി കുറിച്ചു.
ആധികാരികം, ഇന്ത്യൻ ജയം
ഏഷ്യാ കപ്പിൽ ഞായറാഴ്ച നടന്ന മത്സരത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്. ഏഴ് പന്തില്‍ 10 റൺസെടുത്ത ശുഭ്മാന്‍ ഗില്‍, 13 പന്തില്‍ 31 റണ്‍സടിച്ച അഭിഷേക് ശര്‍മ, 31 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശിവം ദുബെ ഏഴ് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.


