അനധികൃത ബെറ്റിംഗ് ആപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗിനും റോബിൻ ഉത്തപ്പക്കും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു.

ദില്ലി: അനധികൃത ബെറ്റിംഗ് ആപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗിനും റോബിൻ ഉത്തപ്പക്കും നോട്ടീസയച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇഡി). നിയമവിരുദ്ധമായി ബെറ്റിംഗ് ആപ്പുകളുടെ പരസ്യത്തിൽ അഭിനയിക്കുകയും കള്ളപ്പണം വെളുപ്പിക്കലിന് കൂട്ടുനില്‍ക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഇഡി ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.നേരത്തെ ബോളിവുഡ് താരങ്ങളെ അടക്കം ഈ കേസിന്‍റെ ഭാഗമായി ഇഡി ചോദ്യം ചെയ്തിരുന്നു.

ഉത്തപ്പയോട് ഈ മാസം 22 നും യുവരാജ് സിംഗിനോട് ഈ മാസം 23നും ഇഡിയുടെ ദില്ലി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. നേരത്തെ ജൂണിലും യുവരാജ് ഇഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. വാതുവെപ്പ് ആപ്പായ വണ്‍എക്സ് ബെറ്റുമായി ബന്ധപ്പെട്ടാണ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെയും ബോളിവുഡ് താരങ്ങള്‍ക്കെതിരെയും ഇഡി നടപടിയെുത്തത്. 2022ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഉത്തപ്പ വണ്‍എക്സ് ബെറ്റിന്‍റെ പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു. നേരത്തെ മുന്‍ ഇന്ത്യൻ താരങ്ങളായ ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന എന്നിവരെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ശഖര്‍ ധവാനെ എട്ട് മണിക്കൂറാണ് ഇഡി ചോദ്യം ചെയ്തത്.

ബോളിവുഡ് സോനു സൂദിനെ കേസുമായി ബന്ധപ്പെട്ട് ഈ മാസം 24ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയായ മിമി ചക്രവര്‍ത്തി, ബോളിവുഡ് നടി ഉര്‍വശി റൗട്ടേല, ബംഗാളി നടന്‍ അന്‍കുഷ് ഹസ്ര എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു. വണ്‍എക്സ് ബെറ്റിന്‍റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബസഡറായിരുന്നു ഉര്‍വശി റൗട്ടേല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക