വനിതാ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 31 ഓവറിൽ 133 റൺസെടുത്തു, പാകിസ്ഥാന് വേണ്ടി ക്യാപ്റ്റൻ ഫാത്തിമ സന നാല് വിക്കറ്റ് വീഴ്ത്തി. 

കൊളംബൊ: വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് - പാകിസ്ഥാന്‍ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ മഴയെ തുടര്‍ന്ന് മത്സരം നേരത്തെ 31 ഓവറാക്കി ചുരുക്കിയിരുന്നു. 25 ഓവറായപ്പോഴാണ് മഴയെത്തിയത്. തുടര്‍ന്ന് ഓവര്‍ വെട്ടിചുരുക്കുകയായിരുന്നു. 31 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 133 റണ്‍സെടുത്തത്. ഏഴിന് 78 എന്ന സ്‌കോറില്‍ നിന്നാണ് ഇംഗ്ലണ്ട് പൊരുതാവുന്ന സ്‌കോറിലെങ്കിലും എത്തിയത്. 33 റണ്‍സ് നേടിയ ചാര്‍ളി ഡീനാണ് ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ ഫാത്തിമ സനയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. വീണ്ടും മഴ എത്തിയതോടെ ഡിഎൽഎസ് നിയമപ്രകാരം പാകിസ്ഥാന്‍റെ വിജയലക്ഷ്യം 113 ആക്കി ചുരുക്കിയിരുന്നു. എന്നാൽ, മറുപടി ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 6.4 ഓവറില്‍ 34 റണ്‍സെടുത്ത് നില്‍ക്കെ വീണ്ടും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്. മൂനീബ അലി (9), ഒമൈമ സൊഹൈല്‍ (19) എന്നിവരായിരുന്നു ക്രീസില്‍. ഇരു ടീമുകളും പോയിന്റ് പങ്കിട്ടു.

തകര്‍ച്ചോടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 22 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ താമി ബ്യൂമോണ്ട് (4), എമി ജോണ്‍സ് (8) എന്നിവര്‍ ബൗള്‍ഡായി. യഥാക്രമം ദിയാന ബെയ്ഗ്, ഫാത്തിമ സന എന്നിവര്‍ക്കായിരുന്നു വിക്കറ്റുകള്‍. ക്യാപ്റ്റന്‍ നതാലി സ്‌കിവര്‍ ബ്രന്റ് (4), ഹീതര്‍ നൈറ്റ് (18) എന്നിരവര്‍ കൂടി മടങ്ങിയതോടെ 6.1 ഓവറില്‍ നാലിന് 39 എന്ന നിലയിലായി പാകിസ്ഥാന്‍. തുടര്‍ന്ന് എമ്മ ലാമ്പ് (4) - സോഫിയ ഡങ്ക്‌ലി (11) സഖ്യം 15 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരേയും പുറത്താക്കി സാദിയ ഇഖ്ബാല്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. കാപ്‌സി കൂടി മടങ്ങിയതോടെ ഇംഗ്ലണ്ടിന് ഏഴിന് 78 എന്ന നിലയിലായി. തുടര്‍ന്ന് മഴ മത്സരം തടസപ്പെടുത്തി.

മഴയ്ക്ക് ശേഷം ആറ് ഓവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് കളിക്കാന്‍ ലഭിച്ചത്. തുടര്‍ന്ന് 55 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. ഡീനിന് പുറമെ എം അര്‍ലോട്ട് (18) മികച്ച പ്രകടനം പുറത്തെടുത്തു. സാറ ഗ്ലെന്‍ (3), ലിന്‍സി സ്മിത്ത് (4) എന്നിവരുടെ വിക്കറ്റുകളും ഇംഗ്ലണ്ടിന് നഷ്ടമായി. ഫാത്തിമയ്ക്ക് പുറമെ സാദിയ ഇഖ്ബാല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍

ഇംഗ്ലണ്ട്: താമി ബ്യൂമോണ്ട്, ആമി ജോണ്‍സ് (വിക്കറ്റ് കീപ്പര്‍), ഹീതര്‍ നൈറ്റ്, നാറ്റ് സികവര്‍-ബ്രണ്ട് (ക്യാപ്റ്റന്‍), സോഫിയ ഡങ്ക്‌ലി, എമ്മ ലാംബ്, ആലീസ് കാപ്‌സി, ഷാര്‍ലറ്റ് ഡീന്‍, സാറ ഗ്ലെന്‍, എം ആര്‍ലോട്ട്, ലിന്‍സി സ്മിത്ത്.

പാകിസ്ഥാന്‍: മുനീബ അലി, ഒമൈമ സൊഹൈല്‍, സിദ്ര അമിന്‍, ആലിയ റിയാസ്, നതാലിയ പെര്‍വൈസ്, ഫാത്തിമ സന (ക്യാപ്റ്റന്‍), സിദ്ര നവാസ് (വിക്കറ്റ് കീപ്പര്‍), റമീന്‍ ഷമീം, ഡയാന ബെയ്ഗ്, നഷ്‌റ സന്ധു, സാദിയ ഇഖ്ബാല്‍.

YouTube video player